തിരുവനന്തപുരം - വവ്വാല്‍ കടിച്ച പഴം കഴിച്ച് നിപ്പയെ വെല്ലുവിളിച്ചു, കോവിഡിന സ്വന്തമായ ചികിത്സ പ്രഖ്യാപിച്ച് ആരോഗ്യ വിദഗ്ധരെ വെല്ലുവിളിച്ചു, ആരോഗ്യ മന്ത്രിയായ കെ.കെ. ശൈലജയുമായി ഏറ്റുമുട്ടി.... പ്രകൃതി ചികിത്സയുടെ പേരില്‍ വിവാദങ്ങളുണ്ടാക്കിയ മോഹനന്‍ വൈദ്യര്‍ക്ക് ഒടുവില്‍ കോവിഡ് ബാധിച്ച് അന്ത്യം.
കോവിഡിന് വ്യാജ ചികിത്സ നല്‍കിയതിന് ഇദ്ദേഹത്തെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചികിത്സ നടത്തുന്നതില്‍നിന്ന് ആരോഗ്യവകുപ്പ് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ മരണത്തിനു ശേഷവും മോഹനന്റെ പേരിലുളള വിവാദങ്ങള്‍ ഒഴിഞ്ഞിട്ടില്ല.
ആധുനിക ചികിത്സാ രീതികളെ വെല്ലുവിളിച്ച് കോവിഡിന് ഫലപ്രദമായ ചികിത്സയുണ്ടെന്ന് അവകാശപ്പെട്ട മോഹനന് മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. രണ്ടു ദിവസമായി മകനൊപ്പം ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പനിയും ശ്വാസ തടസവും അലട്ടിയിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിപ്പ പടര്‍ന്നു പിടിച്ച കാലത്ത് വവ്വാല്‍ ഭക്ഷിച്ചുപേക്ഷിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുതെന്നും വവ്വാലുകളില്‍ നിന്നാണ് നിപ്പ വൈറസ് പകരുന്നതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് മോഹനന്‍ നിപ്പയെ വെല്ലുവിളിച്ച് വിവാദങ്ങളില്‍ നിറഞ്ഞു. വവ്വാലിന് പനി വരുന്നതെങ്കില്‍ ആദ്യം വവ്വാല്‍ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കില്‍ ആദ്യം എലി ചാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. വൈറസുകള്‍ ഇല്ല, കീമോതെറാപ്പി പാടില്ല തുടങ്ങിയ വാദങ്ങളും ഇദ്ദേഹം നടത്തിയിരുന്നു.
മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ വിമര്‍ശിച്ചതിന്റെ പേരിലും മോഹനന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തന്നെ വ്യാജവൈദ്യന്‍ എന്ന് വിളിക്കാന്‍ ശൈലജ ടീച്ചര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. ശൈലജ ആരോഗ്യരംഗത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടോ? ആരോഗ്യ മന്ത്രിയായപ്പോള്‍ മൊത്തം ആരോഗ്യ രംഗത്തെക്കുറിച്ചും പഠിച്ചെന്നാണോ വിചാരിമെന്നും മോഹനന്‍ ചോദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെടാന്‍ കാരണം ശബരിമലയില്‍ തൊട്ടു കളിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമലയില്‍ അഭിഷേകം ചെയ്തു കൊണ്ടുവരുന്ന നെയ് കുടിച്ചാല്‍ രോഗം മാറുമെന്നതടക്കമുളള വിവാദ പരാമര്‍ശങ്ങളും മോഹനന്‍ നടത്തിയിരുന്നു.
മോഹനന്‍ കോവിഡ് ബാധിച്ച് മരിച്ചു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. മോഹനന്റെ ചികിത്സാരീതികള്‍ അശാസ്ത്രീയമാണെന്ന് പറയപ്പെടുമ്പോള്‍തന്നെ നിരവധിപേരാണ് ചികിത്സക്കായി ഇദ്ദേഹത്തെ സമീപിച്ചിരുന്നത്.