തിരുവനന്തപുരം- കോവിഡ് കാലത്ത് മുതിർന്ന പൗരൻമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഇടപെടലുമായി സർക്കാർ. പ്രായമായവരുടെ പെൻഷൻ വിതരണം വേഗത്തിലാക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേപോലെ നിലവിൽ പെൻഷൻ വാങ്ങുന്നയാൾ മരണപ്പെട്ടാൽ നോമിനിക്ക് ഫാമിലി പെൻഷൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കണം.
ഒരു പെൻഷണർ മരണപ്പെട്ടാൽ പങ്കാളിയ്ക്ക് മറ്റ് കുടുംബാംഗങ്ങൾക്കോ അർഹതപ്പെട്ട പെൻഷൻ വിതരണം ചെയ്യാൻ കാലതാമസം ഉണ്ടാകരുത്. ഇതിനായി അനാവശ്യ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെടുന്നതും കുടുംബാംഗങ്ങളെ ഇതിനു പിന്നാലെ ഓടിക്കുന്നതും ഒഴിവാക്കണം എന്നും നിർദേശമുണ്ട്. പെൻഷൻ തുക എത്രയും വേഗത്തിൽ നോമിനിക്ക് കൈമാറണം.
പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു പെൻഷണർ മരണപ്പെടുമ്പോൾ ബാങ്കുകൾ ആവശ്യമില്ലാത്തെ ഡോക്യുമെന്റുകളുടെ കാര്യം പറഞ്ഞ് അകാരണമായി പെൻഷൻ വിതരണം തടയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത് കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മുതിർന്ന പൗരൻമാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
പെൻഷനർ മരണപ്പെട്ടാൽ ഡെത്ത് സർട്ടിഫിക്കറ്റ് മാത്രമാണ് ബാങ്കിൽ നൽകേണ്ടത്. ജോയിന്റ് അക്കൗണ്ടുള്ള പെൻഷനറാണ് മരണപ്പെട്ടതെങ്കിൽ അക്കൗണ്ട് പങ്കിടുന്നയാൾ ലളിതമായ ഒരു അപേക്ഷ മാത്രമാണ് ബാങ്കിൽ നൽകേണ്ടത്. ഇത് സമർപ്പിക്കുന്നവർക്ക് മറ്റ് തടസങ്ങളില്ലാതെ പെൻഷൻ നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്