Sorry, you need to enable JavaScript to visit this website.

എതിരാളികളെ കൊല്ലൂ... കുടുംബത്തെ ഞങ്ങള്‍ നോക്കിക്കോളാം, ഈ സന്ദേശം അപകടമാണ്- ഷിബു ബേബിജോണ്‍

തിരുവനന്തപുരം - പെരിയ കൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ഉന്നത നേതാക്കളുടെ ശുപാര്‍ശയോ സഹായമോ ഇല്ലാതെ ഇത് സാധിക്കില്ല എന്നത് ഏതൊരാള്‍ക്കും മനസിലാകുന്ന കാര്യമാണ്. മുമ്പ് ചില സര്‍ക്കാരുകളുടെ കാലത്ത് പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള താല്‍ക്കാലിക തസ്തികകളിലേക്ക് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടാകാം. എന്നാല്‍ ഒരു കൊലപാതക കേസിലെ പ്രതികളുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്?
എതിരാളികളെ കൊല്ലാന്‍ നിങ്ങള്‍ തയാറായാല്‍ നിങ്ങളുടെ കുടുംബത്തെ ഞങ്ങള്‍ നോക്കിക്കോളാം എന്ന സന്ദേശം അക്ഷരാര്‍ഥത്തില്‍ ഫാസിസമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പെരിയ കൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയെന്ന വാര്‍ത്ത കാണുന്നു. ഉന്നത നേതാക്കളുടെ ശുപാര്‍ശയോ സഹായമോ ഇല്ലാതെ ഇത് സാധിക്കില്ല എന്നത് ഏതൊരാള്‍ക്കും മനസിലാകുന്ന കാര്യമാണ്. മുമ്പ് ചില സര്‍ക്കാരുകളുടെ കാലത്ത് പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള താല്‍ക്കാലിക തസ്തികകളിലേക്ക് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടാകാം. എന്നാല്‍ ഒരു കൊലപാതക കേസിലെ പ്രതികളുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്? 'നിങ്ങള്‍ എതിരാളികളെ കൊല്ലാന്‍ നിങ്ങള്‍ തയാറായാല്‍ നിങ്ങളുടെ കുടുംബത്തെ ഞങ്ങള്‍ നോക്കിക്കോളാം' എന്ന സന്ദേശം അക്ഷരാര്‍ഥത്തില്‍ ഫാസിസമാണ്.

ജനങ്ങളോട് പ്രതിബദ്ധതയും ഭയവും ഉള്ളവരാകണം പൊതുപ്രവര്‍ത്തകര്‍. അതില്ലാത്തവരെയാണ് ഫാസിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. കൊല്ലപ്പെട്ടവരോടാണ് സഹാനുഭൂതി വേണ്ടത്. കൊന്നവരോടല്ല. ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല ഈ രാഷ്ട്രീയശൈലി. ഭരിക്കുന്ന പാര്‍ട്ടി തന്നെ കൊലപാതകികള്‍ക്ക് കുട പിടിക്കുമ്പോള്‍ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് എന്നെങ്കിലും ഓര്‍ക്കണം. രണ്ടാമൂഴം ജനം നല്‍കുമ്പോള്‍ ആദ്യതവണ ഉണ്ടായ തെറ്റുകള്‍ കൂടി തിരുത്തി കൂടുതല്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാനാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണാധികാരി ശ്രമിക്കേണ്ടത്. അതല്ലാതെ തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സ് ആണെന്ന് കരുതുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.

 

Latest News