കോഴിക്കോട് - പത്തനാപുരം ചിതൽവെട്ടി വാർഡിലെ പാടം കശുമാവ് തോട്ടത്തിൽനിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ബി.ജെ.പി, ആർ.എസ്.എസ് ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. ആർ.എസ്.എസ് നേതാക്കളായ ടി.ജി. മോഹൻദാസ്, വി.എസ്. ജിതിൻ ദേവ് എന്നിവരെ ചോദ്യം ചെയ്താൽ ഗൂഢാലോചനയുടെ ചുരുളഴിയും. ആർ.എസ്.എസ,് ബി.ജെ.പി നേതാക്കൾ പ്രതിസ്ഥാനത്തുള്ള കള്ളപ്പണ കേസിൽനിന്നും ശ്രദ്ധ തിരിക്കാൻ സംസ്ഥാനത്ത് വർഗീയ കലാപവും പ്രശ്‌നങ്ങളും ഉണ്ടാക്കണമെന്ന് സോഷ്യൽ മീഡിയ ചർച്ചയിൽ ആർ.എസ്.എസ് നേതാക്കൾ ആഹ്വാനം നടത്തിയതിന്റെ തുടർച്ചയാണോ പത്തനാപുരം സ്‌ഫോടകവസ്തു ശേഖരം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആർ.എസ്.എസ് നേതാവിന്റെ കലാപാഹ്വാനത്തിന് പിന്നാലെയാണ് ദുരൂഹ സാഹചര്യത്തിൽ പാടം പ്രദേശത്തുനിന്നു സ്‌ഫോടക വസ്തുക്കൾ കണ്ടെടുക്കുന്നത്. പോലീസും നാട്ടുകാരും അറിയുന്നതിന് മുന്നേ തന്നെ പ്രദേശത്തെ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയതിലും ദുരൂഹതയുണ്ട്. ഇതിനു പിന്നാലെ നേരത്തെ എഴുതി തയാറാക്കിയ തിരക്കഥയെന്ന പോലെ ബി.ജെ.പി സംസ്ഥാന നേതാക്കൾ ഓരോന്നായി സംഭവസ്ഥലം സന്ദർശിക്കാനെത്തിയതും സംശയാസ്പദമാണ്.
സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് പിന്നിലെ വസ്തുത എന്താണെന്ന് പോലീസ് പറയും മുമ്പേ തന്നെ പ്രദേശത്തെ മുസ്‌ലിംകൾക്കും വാർഡ് മെമ്പറിനും എതിരേ വാർത്ത നൽകിയ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ നിലപാടും ദുരൂഹമാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർപോലും അവകാശപ്പെടാത്ത തീവ്രവാദ ബന്ധവും ഇതരസംസ്ഥാന ബന്ധവും സംഘ്പരിവാർ മാധ്യമങ്ങൾക്ക് മാത്രം എവിടെ നിന്നാണ് ലഭിക്കുന്നത്.
ഈ സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തുടനീളം മുൻകാലങ്ങളിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള 36 ഇടങ്ങളിലായി വൻതോതിൽ സ്‌ഫോടകശേഖരം പിടികൂടിയിട്ടും കാണിക്കാത്ത ആവേശം ഉറവിടം കണ്ടെത്താനാവാത്ത ഈ കേസിൽ കാണിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. പോലീസിലെ ചില ഉദ്യോഗസ്ഥർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.