റിയാദ് - സൗദിയിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 44.1 ശതമാനമായി ഈ വർഷം ആദ്യ പാദത്തിൽ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 41 ശതമാനവും അവസാന പാദത്തിൽ 41.5 ശതമാനവുമായിരുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന ഇത്രയും ഉയരുന്നത് ആദ്യമാണ്.
ഈ വർഷം ആദ്യ പാദത്തിൽ സ്വകാര്യ മേഖല 4.4 ശതമാനം വളർച്ച രേഖപ്പെടുത്തി. മൂന്നു മാസത്തിനിടെ സ്വകാര്യ മേഖലയിൽ മൊത്തം ആഭ്യന്തരോൽപാദനം 279.7 ബില്യൺ റിയാലാണ്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ ഇത് 268.1 ബില്യൺ റിയാലായിരുന്നു. ഈ കൊല്ലം ആദ്യ പാദത്തിൽ സ്വകാര്യ മേഖല 11.7 ബില്യൺ റിയാലിന്റെ അധിക വളർച്ച നേടി.
ആദ്യ പാദത്തിൽ എണ്ണ മേഖല 11.7 ശതമാനം (30.7 ബില്യൺ റിയാൽ) ശോഷണം നേരിട്ടു. എന്നാൽ ഇതിന്റെ 38 ശതമാനം സ്വകാര്യ മേഖലയിലെ വളർച്ച നികത്തി.
കഴിഞ്ഞ വർഷം നാലാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തരോൽപാദനം 6.3 ശതമാനം കണ്ട് വർധിച്ചു. 2020 നാലാം പാദത്തിൽ സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തരോൽപാദനം 272.8 ബില്യൺ റിയാലായിരുന്നു.
വരും വർഷങ്ങളിൽ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാൻ സ്വകാര്യ മേഖലയെ ആണ് സർക്കാർ വലിയ തോതിൽ ആശ്രയിക്കുന്നത്.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സ്വകാര്യ, സർക്കാർ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കാൻ ലക്ഷ്യമിട്ട് 'ശരീക്' പദ്ധതിയും സ്വകാര്യവൽക്കരണ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉയർത്താൻ 'ശരീക്' പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങൾ സഹായിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മാർച്ചിൽ പറഞ്ഞിരുന്നു.
2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം 65 ശതമാനമായി ഉയർത്താനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്. വിഷൻ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 2015 ൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 39.3 ശതമാനമായിരുന്നു. 'ശരീക്' പദ്ധതി കഴിഞ്ഞ മാർച്ചിലും സ്വകാര്യവൽക്കരണ പദ്ധതി 2018 ലുമാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. പുതിയ സ്വകാര്യവൽക്കരണ നിയമം കഴിഞ്ഞ മാർച്ചിൽ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.
ദേശീയ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപം വർധിപ്പിക്കാനും സ്വകാര്യ മേഖലക്ക് ആകർഷകമായ നിക്ഷേപാവസരങ്ങൾ ലഭ്യമാക്കാനും മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന ഉയർത്താനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലക്ക് പിന്തുണ നൽകുന്നതിന് ബില്യൺ കണക്കിന് റിയാലിന്റെ നിരവധി ഉത്തേജക പദ്ധതികൾ സമീപ കാലത്ത് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ദീർഘകാല വായ്പകൾ നൽകുന്നതിന് 20,000 കോടി റിയാൽ നീക്കിവെച്ചതായി 2016 ഡിസംബറിൽ സൗദി ഗവൺമെന്റ് അറിയിച്ചിരുന്നു.