Sorry, you need to enable JavaScript to visit this website.

പിണറായിയും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടില്ല- മുൻ മന്ത്രി എ.കെ  ബാലൻ

തിരുവനന്തപുരം- കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നാക്രമണം തുടക്കം മാത്രമെന്ന് മുൻ മന്ത്രി എ.കെ.ബാലൻ. പാർട്ടിക്കെതിരായ പരിഹാസത്തിന് ഒരു ഘട്ടം കഴിഞ്ഞാൽ ശക്തമായ മറുപടി നൽകും. സുധാകരൻ പറഞ്ഞത് ഇല്ലാത്ത കാര്യങ്ങളാണ്. ബിജെപി അധികാരത്തിൽ വന്നാലും ഇടതുപക്ഷം വരരുതെന്നാണ് സുധാകരന്റെ നിലപാടെന്നും ബാലൻ പറഞ്ഞു.
'പിണറായി വിജയനും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടേയില്ല. പിണറായി വിജയൻ പോയതിനു ശേഷമാണ് സുധാകരൻ ബ്രണ്ണൻ കോളജിൽ ചേരുന്നത്. അദ്ദേഹം ചേർന്ന് രണ്ടു വർഷത്തിനു ശേഷമാണ് ഞാൻ കോളജിൽ ചേരുന്നത്. ഞാൻ അവിടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഇയാൾ ബിഎക്കാരനാണ്.
കെഎസ്‌യുവിന്റെ കൂത്തരങ്ങായിരുന്നു ആ കോളജ്. ഒരു സമരം നടത്തിയാൽ വിജയിപ്പിക്കില്ല, ലോങ് ബെല്ല് അടിക്കാൻ സമ്മതിക്കില്ല, സമരവുമായി ബന്ധപ്പെട്ട് ആരെങ്കിലും വന്നാൽ അവരെ തല്ലും ഇങ്ങനെയുള്ള ഘട്ടം ഉണ്ടായിരുന്നു. അതിനെയെല്ലാം കെഎസ്എഫ് ചെറുത്തുനിന്നു. ഈ ഘട്ടത്തിലാണ് 1969ൽ ടി.വി.ബാലൻമാഷ് എന്ന് പറയുന്ന ഒരു ഇംഗ്ലിഷ് ലക്ചർ ക്ലാസ് എടുക്കുന്ന സമയത്ത് ആ ക്ലാസ് ബഹിഷ്‌കരണത്തിനായി ഞാൻ പോയത്.
കെഎസ്‌യുകാർ ക്ലാസ് ബഹിഷ്‌കരിക്കാൻ സമ്മതിച്ചില്ല. അന്നു സംസ്ഥാന അടിസ്ഥാനത്തിൽ ക്ലാസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തതാണ് പിണറായി വിജയൻ സെക്രട്ടറി ആയിട്ടുള്ള കെഎസ്എഫ്. കോളജിലെത്തിയ പിണറായി വിജയൻ ഞാനും സുധാകരനും തമ്മിലുള്ള ബഹളം കേട്ട് സയൻസ് ബ്ലോക്കിൽ വന്നു. ഒരു തല്ലിന്റെ ഘട്ടം വന്ന സമയത്ത് അത് ഒഴിവായി. ആ ഒഴിവായതിന്റെ രംഗമാണ് പിണറായി സൂചിപ്പിച്ചത്' ബാലൻ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അതിരൂക്ഷമായാണ് മുഖ്യമന്ത്രി സുധാകരനെ കടന്നാക്രമിച്ചത്. കോളജിൽവച്ച് തന്നെ തല്ലിയെന്ന വാദം സുധാകരന്റെ പൊങ്ങച്ചം മാത്രമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 'അന്ന് സുധാകരൻ സമരത്തിന്റെ മുന്നിലുണ്ട്. സംഗതി കൈവിട്ടുപോയി. അന്ന് ഞാൻ ഇയാൾക്ക് നേരെ നോക്കി എന്റെ കൈകൂട്ടിയിടിപ്പിച്ച് ശബ്ദമുണ്ടാക്കി. പിന്നാലെ ചില വാക്കുകളും പ്രയോഗിച്ചു.
അന്ന് ഇയാളുടെ സുഹൃത്തായിട്ടുള്ള ബാലൻ എന്റെ നേർക്ക് വന്ന് പറഞ്ഞു. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്ന്. അന്ന് ഞാൻ പറഞ്ഞു. പിടിച്ച് കൊണ്ടുപോടാ ആരാ ഇവൻ അപ്പോൾ അവനെ ആളുകൾ പിടിച്ചുമാറ്റി. ഇതാണ് സംഭവിച്ചത്. അന്ന് കോളജ് വിട്ടൊരു വ്യക്തി എന്ന നിലയ്ക്കാണ് കാര്യങ്ങൾ അവിടം കൊണ്ട് നിന്നതെന്നു സുധാകരൻ മനസ്സിലാക്കണം. ഓർത്താൽ നല്ലത്..' പിണറായി പറഞ്ഞു.
 

Latest News