Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓണ്‍ലൈന്‍ ഗെയിം; ആലുവയില്‍ ഒമ്പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷം രൂപ

ആലുവ-ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച് കളഞ്ഞത്. അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതി റൂറല്‍ എസ്.പി. കെ. കാര്‍ത്തികിന് വന്നത് അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. എസ്.പി.യുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്‌റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയര്‍ എന്ന ഗെയിം കളിച്ചാണ് കുട്ടി കാശ് കളഞ്ഞതെന്ന് മനസ്സിലായത്.
ഗെയിം ലഹരിയിലായ വിദ്യാര്‍ഥി 40 രൂപ മുതല്‍ നാലായിരം രൂപ വരെ ഒരു സമയം ചാര്‍ജ് ചെയ്താണ് കളിച്ചുകൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാര്‍ജ് ചെയ്തിട്ടുണ്ട്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടില്‍നിന്നു പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കള്‍ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
ഓണ്‍ലൈനിലൂടെ പണം നഷ്ടപ്പെടുന്നത് പതിവായതോടെ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് റൂറല്‍ ജില്ലാ പോലീസ്. കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

പോലീസ് നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍:
* മൊബൈല്‍ ഫോണുകള്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. * മാതാപിതാക്കള്‍ക്കു കൂടി അറിയുന്ന യൂസര്‍ ഐ.ഡി.യും പാസ്‌വേഡുകളും മാത്രമേ അക്കൗണ്ടുകളിലും ഫോണ്‍ ലോക്കിലും ഉപയോഗിക്കാവൂ.
* കുട്ടികള്‍ പഠനാവശ്യത്തിനു മാത്രമേ മൊബൈല്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക.
* നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ല എന്ന് ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആപ്പുകള്‍ മൊബൈലില്‍ ഇല്ലെന്നും ഉറപ്പുവരുത്തണം.
* കുട്ടികള്‍ പഠനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫോണില്‍ പേരന്റല്‍ കണ്‍ട്രോള്‍ ആയിട്ടുള്ള ഇമെയില്‍ ക്രിയേറ്റ് ചെയ്യുക. അസമയങ്ങളിലും കൂടുതല്‍ സമയവും മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.
* മാതാപിതാക്കളുടെ ഓണ്‍ലൈന്‍ ബാങ്കിങ് അക്കൗണ്ടുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാതിരിക്കുക.
* സ്‌കൂളില്‍നിന്ന് പഠനാവശ്യങ്ങള്‍ക്ക് അധ്യാപകര്‍ അയയ്ക്കുന്ന ലിങ്കുകള്‍ മറ്റൊരാള്‍ക്കും പങ്കുവയ്ക്കരുത്.
 

Latest News