മലപ്പുറം- കേരള രാഷ്ട്രീയത്തിൽ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും തമ്മിലുള്ള വാക്പയറ്റ്. ഏറ്റവും ഒടുവിൽ തന്റെ മക്കളെ പണ്ട് തട്ടിക്കൊണ്ടുപോകാൻ കെ. സുധാകരൻ പദ്ധതിയിട്ടിരുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വന്നതോടെ രംഗം കൂടുതൽ ചൂടുപിടിച്ചു. പിണറായിയുടെ ആരോപണത്തിന് ഇന്ന് രാവിലെ 11 മണിക്ക് കെ. സുധാകരൻ മറുപടി പറയുന്നുണ്ട്. ഇതിനിടെ സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച വാഗ്വാദം കനക്കുകയാണ്. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് രംഗത്തെത്തി.
നേതാവിന്റെ കാർ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ ജീവനെടുത്തവർ, മക്കളെ തട്ടി കൊണ്ടു പോകാൻ പദ്ധതിയിട്ടവരെയൊക്കെ പണ്ടു ജീവനോടെ വിട്ടത്രെ.. ഞാൻ വിശ്വസിച്ചു, നിങ്ങളോ..!ബ്രണ്ണൻ തള്ളലിന് പുതിയ ബജറ്റിൽ ടാക്‌സൊന്നുമില്ലാത്തതു നന്നായി എന്നാണ് അബ്ദുറബ്ബിന്റെ വാക്കുകൾ.