കൊല്ലം- ചിതറയിൽ ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ബൈക്കിൽനിന്ന് ചാടിയിറങ്ങിയ യുവതിക്ക് പരിക്കേറ്റു. ചോഴിയക്കോട് സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്. യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരിപ്പൽ യുപി സ്‌കൂളിന് സമീപമാണ് സംഭവം. സ്‌കൂളിൽ നിന്ന് മകൾക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡിൽ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടർന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കിൽ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാൾ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. ബൈക്കിൽനിന്ന് എടുത്തുചാടിയപ്പോഴാണ് റോഡിൽ തലയിടിച്ചു വീണ് പരുക്കേറ്റത്.
കടയ്ക്കൽ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനത്തിനുളളിൽ പോലീസ് പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.