ന്യൂദല്‍ഹി - സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍ തുടിച്ചുനില്‍ക്കുന്ന കാലത്താണ് മില്‍ഖാ സിംഗ് പ്രശസ്തിയിലേക്കു വന്നത്. അമ്പതുകളുടെ ഒടുവില്‍ ഇന്ത്യ ഉറ്റുനോക്കുന്ന പ്രിയങ്കരനായ അത്‌ലറ്റായി മില്‍ഖ. 1958 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പങ്കെടുത്ത 80 മീറ്റുകളില്‍ എഴുപത്തേഴിലും മില്‍ഖ ജേതാവായി. പാക്കിസ്ഥാനിലും മില്‍ഖ ജനപ്രിയ അത്‌ലറ്റായിരുന്നു. 1960 ല്‍ അവിടെ മത്സരിക്കാന്‍ ക്ഷണം കിട്ടി. ചെറുപ്പകാലത്തെ അനുഭവം കാരണം അവിടെ മത്സരിക്കാന്‍ മില്‍ഖക്ക് താല്‍പര്യം തോന്നിയില്ല. പക്ഷെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമ്മര്‍ദ്ദം കാരണം മില്‍ഖ സമ്മതിച്ചു. ആതിഥേയ താരം അബ്ദുല്‍ ഖാലികിനെ തോല്‍പിച്ച് മില്‍ഖ സ്വര്‍ണം നേടി. അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ് ആദ്യമായി മില്‍ഖയെ പറക്കും സിംഗെന്ന് വിളിച്ചത്. ഗാലറിയിലെ ഒരു ഭാഗത്തിരുന്ന പര്‍ദയണിഞ്ഞ സ്ത്രീകള്‍ വിജയിയായി താന്‍ സ്‌റ്റേഡിയം വലംവെക്കുമ്പോള്‍ മുഖ മക്കന ഉയര്‍ത്തിയത് മില്‍ഖ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.