Sorry, you need to enable JavaScript to visit this website.

ജീവന് വേണ്ടി ഓടിയ മില്‍ഖ

ഒളിംപിക്‌സില്‍ ഇന്ത്യന്‍ ട്രാക്ക് അത്‌ലറ്റിന്റെ ഏറ്റവും വലിയ നേട്ടം മില്‍ഖാ സിംഗിന്റേതാണെന്ന് നിസ്സംശയം പറയാം. 1960 ലെ റോം ഒളിംപിക്‌സില്‍ കൈയില്‍ കിട്ടിയ സ്വര്‍ണമാണ് മില്‍ഖ വലിച്ചെറിഞ്ഞത്. പിന്നീട് ഉഷക്കൊഴികെ ഒരു ഇന്ത്യന്‍ അത്‌ലറ്റിനും ഒളിംപിക് മെഡലിനോട് ഇത്രയടുത്തെത്താന്‍ സാധിച്ചിട്ടില്ല. മറ്റൊരു ഒളിംപിക്‌സ് അടുത്തെത്തി നില്‍ക്കവെ മില്‍ഖയും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനായിരുന്ന ഭാര്യ നിര്‍മല്‍ കൗറും വിടപറഞ്ഞിരിക്കുകയാണ്. കോവിഡ് കാലത്തെ നീറുന്ന ഓര്‍മയായി പറക്കും സിംഗ് ഓര്‍മയില്‍ നിന്ന് പറന്നകലുകയാണ്.

ചെറുപ്പകാലത്ത് മില്‍ഖാ സിംഗിന് ഒളിംപിക് മെഡല്‍ ഒരു സ്വപ്നം പോലുമായിരുന്നില്ല. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു അന്ന് അദ്ദേഹം. ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഏറ്റവും മികച്ച പുരുഷ താരമെന്ന് നിസ്സംശയം പറയാവുന്ന മില്‍ഖ അതെക്കുറിച്ചോര്‍ക്കുമ്പോള്‍ വിറകൊണ്ടിരുന്നു.
ഇപ്പോഴത്തെ പാക്കിസ്ഥാനിലെ ഫൈസലാബാദിലെ ഒരു ഗ്രാമത്തിലാണ് മില്‍ഖ ജനിച്ചത്. എക്കാലത്തെയും ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നെന്ന് വിലയിരുത്തപ്പെടുന്ന ഇന്ത്യാ വിഭജനത്തിന്റെ വേദന മുഴുവന്‍ അനുഭവിച്ചു മില്‍ഖ. വിഭജനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം മില്‍ഖയുടെ ഗ്രാമത്തില്‍ ആളിക്കത്തി. മില്‍ഖയുടെ കണ്‍മുന്നില്‍ വെച്ച് മാതാപിതാക്കള്‍ കൊല ചെയ്യപ്പെട്ടു. അഭയാര്‍ഥികളെ വഹിച്ച് അതിര്‍ത്തി കടന്ന ചോരയൊലിക്കുന്ന തീവണ്ടികളിലൊന്നാണ് പതിനേഴുകാരനായ മില്‍ഖ ഇന്ത്യയിലെത്തിയത്യ ഏതു നിമിഷവും കൊല ചെയ്യപ്പെട്ടേക്കാമെന്ന ഭിതിയിലായിരുന്നു മില്‍ഖയും കൂട്ടരും. എല്ലാം നഷ്ടപ്പെട്ട അവര്‍ റെയില്‍പാളങ്ങളില്‍ അന്തിയുറങ്ങി. ദാനമായിക്കിട്ടിയ ഭക്ഷണമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തിയത്. 
സൈന്യത്തില്‍ ചേര്‍ന്ന് ജീവിതമാര്‍ഗം കണ്ടെത്താന്‍ മില്‍ഖ ശ്രമിച്ചു. നാലു തവണ തിരസ്‌കരിക്കപ്പെട്ടു. ഒരു സുഹൃത്തിന്റെ ശുപാര്‍ശ കാരണമാണ് ഒടുവില്‍ സൈന്യത്തില്‍ കയറിപ്പയറ്റിയത്. ഓട്ടക്കാരനെന്ന നിലയിലുള്ള മില്‍ഖയുടെ ജീവിതത്തിന്റെ തുടക്കവുമായി അത്. 
1951 ലായിരുന്നു അത്. സൈന്യത്തില്‍ പുതുതായി റിക്രൂട്ട് ചെയ്തവര്‍ക്കായി അഞ്ച് മൈല്‍ ക്രോസ് കണ്‍ട്രി മത്സരമുണ്ടെന്നും ആദ്യ 10 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരെ കൂടുതല്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുമെന്നും അറിയിപ്പുണ്ടായി. ജീവിതത്തിലൊരിക്കലും മത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത മില്‍ഖ ആഞ്ഞുവലിഞ്ഞോടി. രണ്ടു തവണ വീണെങ്കിലും ഒരുവിധം ആറാം സ്ഥാനത്തെത്തി. 400 മീറ്റര്‍ പരീക്ഷിച്ചു നോക്കാന്‍ ഉപദേശം കിട്ടി. ക്രമേണ മില്‍ഖ ആര്‍മി അത്‌ലറ്റിക് ടീമിന്റെ അവിഭാജ്യ ഘടകമായി. ഏതാനും വര്‍ഷത്തിനകം ഓട്ടക്കാരന്‍ മില്‍ഖയെ സൈന്യത്തില്‍ എല്ലാവര്‍ക്കും അറിയാമെന്നായി. 
1955 ല്‍ പട്യാലയിലാണ് ദേശീയ ഗെയിംസ് നടന്നത്. 400 മീറ്ററില്‍ പങ്കെടുത്ത ആറു പേരില്‍ അഞ്ചാമനായിരുന്നു മില്‍ഖ. പക്ഷെ അത് ജീവിതത്തിലെ വഴിത്തിരിവായി. പട്യാല മഹാജാവിന്റെ ശ്രദ്ധയില്‍ മില്‍ഖ പെട്ടു. മെല്‍ബണ്‍ ഒളിംപിക്‌സിനുള്ള ക്യാമ്പിലേക്ക് മില്‍ഖയെ വിളിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആദ്യമായി പ്രൊഫഷനല്‍ കോച്ചിനൊപ്പം പരിശീലിക്കാന്‍ അവസരം കിട്ടിയത് നാടകീയ മാറ്റങ്ങളുണ്ടാക്കി. ഉയരങ്ങളിലേക്കുള്ള മില്‍ഖയുടെ കുതിപ്പ് പക്ഷെ ശത്രുക്കളെയും സൃഷ്ടിച്ചു. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സിനുള്ള ട്രയല്‍സിന്റെ തലേന്ന് മില്‍ഖ ഉറങ്ങവെ കമ്പിളി ശരീരത്തിലിട്ട് ചിലര്‍ അദ്ദേഹത്തെ പൊതിരെ തല്ലി. എല്ലിന് ക്ഷതമേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും മില്‍ഖക്ക് ശക്തിയായി പനിച്ചു. എന്നിട്ടും ട്രയല്‍സില്‍ മില്‍ഖ കടന്നു കൂടി. ഒളിംപിക്‌സിന് യോഗ്യത നേടി. 
ആദ്യ വിമാന യാത്രയുടെ ആവേശത്തിലായിരുന്നു മില്‍ഖ. മെല്‍ബണില്‍ ആദ്യ റൗണ്ടില്‍ തന്നെ മില്‍ഖ പുറത്തായി. അമേരിക്കക്കാരനായ ചാള്‍സ് ജെങ്കിന്‍സ് 46.7 സെക്കന്റില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടി. 
പിന്നെയും രണ്ടാഴ്ചയോളം ഒളിംപിക്‌സ് ഉണ്ടായിരുന്നു. തട്ടിമുട്ടി ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ഒരു സുഹൃത്തിനെയും കൂട്ടി മില്‍ഖ ജെങ്കിന്‍സിനെ വിടാതെ പിന്തുടര്‍ന്നു. എങ്ങനെയാണ് പരിശീലിക്കാറെന്നും എന്താണ് കഴിക്കാറെന്നും എത്ര മണിക്കൂര്‍ ഉറങ്ങുമെന്നുമൊക്കെ ചോദിച്ചു മനസ്സിലാക്കി. 
ജെങ്കിന്‍സിനെക്കാള്‍ വേഗത്തില്‍ ഓടണം എന്നതു മാത്രമായി ഊണിലും ഉറക്കത്തിലും ചിന്ത. ഗുരുനാനാക്കിന്റെ ചിത്രത്തിനൊപ്പം 46.7 സെക്കന്റ് എന്നെഴുതി വെച്ച് ദിവസവും രാവിലെ അതിനു മുന്നില്‍ പ്രാര്‍ഥിച്ചു. 1958 ല്‍ കട്ടക്കില്‍ ജെങ്കിന്‍സിന്റെ സമയം മില്‍ഖ മറികടക്കുക തന്നെ ചെയ്തു. 46.6 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. മില്‍ഖക്ക് വിശ്വാസം വന്നില്ല. 400 മീറ്റര്‍ തന്നെയാണോ ട്രാക്ക് എന്നറിയാന്‍ ടേപ്പ് വെച്ച് അളന്നു നോക്കി. 
ദൃഢനിശ്ചയമുണ്ടെങ്കില്‍ എന്തും നേടാമെന്ന് മില്‍ഖയെ ബോധ്യപ്പെടുത്തി ഈ സംഭവം. വൈകാതെ ഇന്ത്യ ഉറ്റുനോക്കുന്ന പ്രിയങ്കരനായ അത്‌ലറ്റായി മില്‍ഖ. 1958 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പങ്കെടുത്ത 80 മീറ്റുകളില്‍ എഴുപത്തേഴിലും മില്‍ഖ ജേതാവായി. പാക്കിസ്ഥാനിലും മില്‍ഖ ജനപ്രിയ അത്‌ലറ്റായിരുന്നു. 1960 ല്‍ അവിടെ മത്സരിക്കാന്‍ ക്ഷണം കിട്ടി. ചെറുപ്പകാലത്തെ അനുഭവം കാരണം അവിടെ മത്സരിക്കാന്‍ മില്‍ഖക്ക് താല്‍പര്യം തോന്നിയില്ല. പക്ഷെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമ്മര്‍ദ്ദം കാരണം മില്‍ഖ സമ്മതിച്ചു. ആതിഥേയ താരം അബ്ദുല്‍ ഖാലികിനെ തോല്‍പിച്ച് മില്‍ഖ സ്വര്‍ണം നേടി. അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ് ആദ്യമായി മില്‍ഖയെ പറക്കും സിംഗെന്ന് വിളിച്ചത്. ഗാലറിയിലെ ഒരു ഭാഗത്തിരുന്ന പര്‍ദയണിഞ്ഞ സ്ത്രീകള്‍ വിജയിയായി താന്‍ സ്റ്റേഡിയം വലംവെക്കുമ്പോള്‍ മുഖ മക്കന ഉയര്‍ത്തിയത് മില്‍ഖക്ക് അവിസ്മരണീയ അനുഭവമായി.
1960 ലെ റോം ഒളിംപിക്‌സിന് മില്‍ഖ പോയത് സ്വര്‍ണം ഉറപ്പിച്ചായിരുന്നു. അവസാന വളവ് വരെ മില്‍ഖയായിരുന്നു മുന്നില്‍. താന്‍ അതിവേഗത്തിലാണ് ഓടുന്നതെന്നും ഫിനിഷ് ചെയ്യാനാവാതെ പോകുമെന്നും പൊടുന്നനെ ഒരു തോന്നല്‍. ബാക്കിയുള്ളവരൊക്കെ എവിടെയെത്തിയെന്നറിയാന്‍ ഒന്നു തിരിഞ്ഞു. അതോടെ കഴിഞ്ഞു. താളം നഷ്ടപ്പെട്ട മില്‍ഖയെ മറികടന്ന് മറ്റുള്ളവര്‍ കുതിച്ചു. 45.6 സെക്കന്റില്‍ നാലാമതായാണ് മില്‍ഖ ഫിനിഷ് ചെയ്തത്. മില്‍ഖയുള്‍പ്പെടെ ആദ്യ നാലു പേരും ഒളിംപിക് റെക്കോര്‍ഡ് മറികടന്ന അത്യുജ്വ ഓട്ടമായിരുന്നു അത്. സെക്കന്റിന്റെ പത്തിലൊരംശത്തിന് മില്‍ഖക്ക് വെങ്കലം നഷ്ടപ്പെട്ടു. അമേരിക്കയുടെ ഓട്ടിസ് ഡേവിസ് ലോക റെക്കോര്‍ഡായ 44.9 സെക്കന്റില്‍ സ്വര്‍ണം നേടി. 
1962 ഏഷ്യന്‍ ഗെയിംസില്‍ മില്‍ഖ സ്വര്‍ണം നേടിയെങ്കിലും ഒളിംപിക് മെഡല്‍ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു, മില്‍ഖയുടെ മാത്രമല്ല ഇന്ത്യയുടെയും. 
ഒളിംപിക്‌സില്‍ ഇന്ത്യയുടെ വോളിബോള്‍ ക്യാപ്റ്റനായിരുന്ന നിര്‍മലിനെയാണ് മില്‍ഖ വിവാഹം ചെയ്തത്. പുത്രന്‍ ചിരഞ്ജീവ് മില്‍ഖാ സിംഗ് ലോക ലോക റാങ്കിംഗില്‍ ആദ്യ അമ്പതിലുണ്ടായിരുന്ന ഗോള്‍ഫറാണ്.   
നോര്‍മന്‍ പിച്ചാഡ് എന്ന ബ്രിട്ടീഷുകാരനാണ് റെക്കോര്‍ഡുകളില്‍ ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡല്‍ ജേതാവ്. കൊല്‍ക്കത്തയില്‍ ബ്രിട്ടീഷ് മാതാപിതാക്കള്‍ക്ക് ജനിച്ച നോര്‍മന്‍ 1900 ലെ പാരീസ് ഒളിംപിക്‌സിലാണ് മത്സരിച്ചത്. ഇന്ത്യക്കുവേണ്ടി ഒളിംപിക്‌സില്‍ പങ്കെടുത്ത ആദ്യ അത്‌ലറ്റും മെഡല്‍ നേടിയ ആദ്യ ഏഷ്യക്കാരനുമായി നോര്‍മന്‍. 200 മീറ്റര്‍ ഓട്ടത്തിലും 200 മീ. ഹര്‍ഡില്‍സിലും വെള്ളി മെഡലുകളാണ് നോര്‍മന്‍ നേടിയത്. 200 മീ. ഹര്‍ഡില്‍സിന്റെ ഹീറ്റ്‌സില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. 110 മീ. ഹര്‍ഡില്‍സിന്റെ ഫൈനലിലെത്തുകയും 60 മീറ്ററിലും 100 മീറ്ററിലും മത്സരിക്കുകയും ചെയ്തു അദ്ദേഹം. 2005 ല്‍ രാജ്യാന്തര അത്‌ലറ്റിക്‌സ് അസോസിയേഷന്‍ തയാറാക്കിയ സ്ഥിതിവിവരക്കണക്കില്‍ പിച്ചാഡ് മത്സരിച്ചത് ബ്രിട്ടനുവേണ്ടിയാണെന്നാണ് രേഖപ്പെടുത്തിയത്. 1900 ജൂണില്‍ നടന്ന ബ്രിട്ടീഷ് ഒളിംപിക് ട്രയല്‍സില്‍ പിച്ചാഡ് പങ്കെടുത്തിരുന്നുവെന്നാണ് അവരുടെ ന്യായം. 
പിച്ചാഡ് ചില്ലറക്കാരനായിരുന്നില്ല. ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ കൊല്‍ക്കത്തയിലെ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. പിന്നീട് അമേരിക്കയിലേക്കു നീങ്ങിയ നോര്‍മന്‍ ഹോളിവുഡില്‍ നോര്‍മന്‍ ട്രെവര്‍ എന്ന പേരില്‍ അഭിനേതാവായി. 
പിച്ചാഡിന്റെ മെഡലുകള്‍ ഒരിക്കലും തങ്ങളുടേതായി ഇന്ത്യ കണക്കിലെടുത്തിട്ടില്ല. ഹോക്കി മത്സര ഇനമാക്കിയപ്പോഴാണ് പിന്നീട് ഇന്ത്യ മെഡല്‍ നേടുന്നത്. ഹോക്കിയില്‍ എട്ട് സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഇന്ത്യ നേടി. അതൊഴിച്ചാല്‍ വിരലിലെണ്ണാവുന്ന ഒളിംപിക് മെഡലുകളേ ഇന്ത്യക്ക് കിട്ടിയിട്ടുള്ളൂ. ഏക വ്യക്തിഗത സ്വര്‍ണം അഭിനവ് ബിന്ദ്രയുടേതാണ് (2008 ല്‍ ഷൂട്ടിംഗ് സ്വര്‍ണം). കശബ യാദവ് (ഗുസ്തിയില്‍ വെങ്കലം, 1956), ലിയാന്റര്‍ പെയ്‌സ് (ടെന്നിസില്‍ വെങ്കലം, 1996), കര്‍ണം മല്ലേശ്വരി (വെയ്റ്റ്‌ലിഫ്റ്റിംഗില്‍ വെങ്കലം, 2000), രാജ്യവര്‍ധന്‍ റാത്തോഡ് (ഷൂട്ടിംഗില്‍ വെള്ളി, 2004) എന്നിവരാണ് മെഡല്‍ സമ്മാനിച്ചത്. 2008 ലാണ് ഇന്ത്യ മൂന്നു മെഡലുകള്‍ നേടി ചരിത്രം സൃഷ്ടിക്കുന്നത്. അഭിനവിന്റെ സ്വര്‍ണത്തിനു പുറമെ സുശീല്‍കുമാറും (ഗുസ്തി) വിജേന്ദര്‍ സിംഗും (ബോക്‌സിംഗ്) വെങ്കലം കരസ്ഥമാക്കി. 2012  ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യ വന്‍ കുതിപ്പ് നടത്തി.  രണ്ട് വെള്ളിയും നാല് വെങ്കലവും ഇന്ത്യക്കു ലഭിച്ചു. സുശീല്‍കുമാര്‍ വ്യക്തിഗത ഇനത്തില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരനായി. സുശീലിനും വിജയ്കുമാറിനും (ഷൂട്ടിംഗ്) വെള്ളി ലഭിച്ചു. സയ്‌ന നേവാളിനും (ബാഡ്മിന്റണ്‍), എം.സി മേരികോമിനും (ബോക്‌സിംഗ്) ഗഗന്‍ നാരംഗിനും (ഷൂട്ടിംഗ്) യോഗേശ്വര്‍ദത്തിനും (ഗുസ്തി) വെങ്കലം ലഭിച്ചു. 2016 ല്‍ മെഡല്‍ നേട്ടം വീണ്ടും രണ്ടിലൊതുങ്ങി -പി.വി സിന്ധുവിന്റെ വെള്ളിയും (ബാഡ്മിന്റണ്‍) സാക്ഷി മാലിക്കിന്റെ വെങ്കലവും (ഗുസ്തി)
ഏറ്റവും ജനപ്രിയ ഇനമായ അത്‌ലറ്റിക്‌സില്‍ ഒരിക്കലും ഇന്ത്യക്കാരന് മെഡല്‍ നേടാനായിട്ടില്ല. 1984 ല്‍ പി.ടി. ഉഷക്ക് സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തില്‍ വെങ്കലം നഷ്ടപ്പെട്ടത് നമ്മുടെ ഓര്‍മയില്‍ വേദനയായി നില്‍ക്കുന്നു. എന്നാല്‍ സോവിയറ്റ് ചേരി ബഹിഷ്‌കരിച്ച ഒളിംപിക്‌സായിരുന്നു അത് എന്നത് ഉഷയുടെ പ്രകടനത്തിന്റെ പൊലിമ കുറക്കുന്നു. 
ഒളിംപിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റിന്റെ ഏറ്റവും വലിയ നേട്ടം മില്‍ഖാ സിംഗിന്റേതാണെന്ന് നിസ്സംശയം പറയാം. 1960 ലെ റോം ഒളിംപിക്‌സില്‍ കൈയില്‍ കിട്ടിയ സ്വര്‍ണമാണ് മില്‍ഖ വലിച്ചെറിഞ്ഞത്. പിന്നീട് ഉഷക്കൊഴികെ ഒരു ഇന്ത്യന്‍ അത്‌ലറ്റിനും ഒളിംപിക് മെഡലിനോട് ഇത്രയടുത്തെത്താന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ അത്‌ലറ്റിക്‌സും ലോക അത്‌ലറ്റിക്‌സും തമ്മിലുള്ള വിടവ് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിനാല്‍ സമീപകാലത്തൊന്നും മറ്റൊരാള്‍ക്ക് അത് സാധിക്കുമെന്നും തോന്നുന്നില്ല.

Latest News