Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് പോകാൻ വാക്‌സിൻ;കോവാക്‌സിൻ സ്വീകരിച്ച പ്രവാസികൾ ഇനിയെന്ത് ചെയ്യും

തിരുവനന്തപുരം- കോവിഡ് പ്രതിരോധത്തിന് വേണ്ടി കോവാക്‌സിൻ സ്വീകരിച്ച പ്രവാസികൾ ആശങ്കയിൽ. കോവാക്‌സിൻ വിദേശ രാജ്യങ്ങൾ അംഗീകരിക്കാത്തതാണ് പ്രവാസികളുടെ ആശങ്കക്ക് കാരണം. ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലേക്ക് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച, താമസ വിസയുള്ളവർക്ക് പ്രവേശിക്കാം എന്ന് കഴിഞ്ഞ ദിവസം രാജ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, കോവാക്‌സിൻ സ്വീകരിച്ചവർക്ക് കുവൈത്ത് അനുമതി നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫൈസർ, അസ്ട്രസെനക, മൊഡേണ എന്നിവ രണ്ടു ഡോസോ, ജോൺസൺ ആന്റ് ജോൺസൺ ഒരു ഡോസോ സ്വീകരിച്ചവർക്കാണ് പ്രവേശനം. അസ്ട്രസെനകയും കോവിഷീൽഡും ഒന്നായതിനാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നൽകിയ വാക്‌സിനുകളിൽ ഒന്നായ കോവിഷീൽഡ് സ്വീകരിച്ചവർക്ക് ആശങ്കയില്ല. കോവിഷീൽഡ് സ്വീകരിച്ചവരുടെ പട്ടികയിൽ ആസ്ട്രസെനക എന്ന് രേഖപ്പെടുത്തി നൽകുന്നുണ്ട്. അതേസമയം, കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ പ്രതിസന്ധി നിലനിൽക്കുന്നു.
കോവാക്‌സിന് രാജ്യാന്തര അംഗീകാരം ലഭ്യമാക്കാൻ ആഴ്ചകളായി ഇന്ത്യൻ ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതേവരെ തീരുമാനം വന്നിട്ടില്ല.
സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് തിരികെ പോകാൻ കാത്തിരിക്കുന്ന ആയിരകണക്കിന് ആളുകളിൽ കോവാക്‌സിൻ സ്വീകരിച്ചവരുണ്ട്. സൗദിയിലേക്ക് നേരിട്ട് ഇതേവരെ വിമാന സർവീസ് ആരംഭിച്ചിട്ടില്ല. എന്നാൽ ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ വഴി സൗദിയിലേക്ക് യാത്ര പുറപ്പെടുന്ന നിരവധി പേരുണ്ട്. ഇവരിലും കോവാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവല്ല. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല. അരലക്ഷത്തോളം രൂപയാണ് ക്വാറന്റീൻ ഒഴിവാകുന്നതിലൂടെ പ്രവാസിക്ക് ലഭിക്കുക. എന്നാൽ കോവാക്‌സിൻ സ്വീകരിച്ചവർക്ക് ഈ സൗകര്യം ലഭിക്കാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നു. സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ പ്രവാസികൾക്ക് അനുകൂലമായ തീരുമാനം വരാൻ സാധ്യതയുള്ളൂ. കോവാക്‌സിൻ സ്വീകരിച്ച പ്രവാസികളുടെ കാര്യത്തിൽ സർക്കാർ ഉടൻ ഇടപെടൽ നടത്തണം. കോവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരമോ, വിദേശ രാജ്യങ്ങളോട് കോവാക്‌സിന്റെ സാധുതയോ ബോധ്യപ്പെടുത്തുന്നതിലാണ് ഇടപെടലുണ്ടാകേണ്ടത്. കോവാക്‌സിൻ സ്വീകരിച്ച പ്രവാസികളുടെ ആശങ്ക അകറ്റണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യവും ഉയരുന്നുണ്ട്.

Latest News