കോട്ടയം - പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത് വേണ്ടത്ര ആലോചനയില്ലാതെയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച പാലാ എംഎൽഎ മാണി സി. കാപ്പൻ അറിയിച്ചു.
രമേശ് ചെന്നിത്തല കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടു വന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതാണ്. അദ്ദേഹത്തെ മാറ്റിയ രീതിയോടാണ് വിയോജിപ്പ്. വി.ഡി. സതീശൻ മികച്ച പ്രതിപക്ഷ നേതാവാണെന്നതിൽ തർക്കമില്ല. എന്നാൽ കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിച്ചതു പോലെ പൊതു ധാരണയോടെ വി.ഡി. സതീശനെ നിശ്ചയിക്കുന്നതിൽ പാളിച്ച വന്നു. യു.ഡി.എഫ് നേതാക്കളുടെ മുട്ടിൽ സന്ദർശനത്തിൽ തന്നെ വിളിച്ചില്ലെന്നും, ഘടകകക്ഷിയായിട്ടും തന്നെ വിളിക്കാതിരുന്നത് എന്തുകൊണ്ട് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എൻ.സി.കെ എന്ന പേരിൽ പുതിയ പാർട്ടിക്ക് രജിസ്‌ട്രേഷൻ ലഭിച്ചിട്ടില്ല. പുതിയ പേര് നിർദ്ദേശിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി എന്ന പേരുൾപ്പെടെ സമർപ്പിച്ചിട്ടുണ്ട്. എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് കോവിഡ് പ്രതിരോധത്തിന് മാറ്റിയതിനോട് എതിർപ്പില്ല. എന്നാൽ ഈ തുക അതാതു നിയോജകമണ്ഡലം തലത്തിൽ കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കാൻ എം.എൽ.എമാരെ അനുവദിച്ചിരുന്നുവെങ്കിൽ കൂടുതൽ ഫലപ്രദമാകുമായിരുന്നു. വേണ്ടിവന്നാൽ പാലായുടെ സമഗ്ര വികസനത്തിനായി ജോസ് കെ മാണിയുടെ പിന്തുണയും തേടുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. വികസന പ്രവർത്തനത്തിൽ രാഷ്ട്രീയമില്ല. പാലായുടെ സമഗ്രവികസനം മാത്രമാണ് ലക്ഷ്യം. ഇക്കാര്യത്തിൽ എല്ലാവരുടെയും പിന്തുണ തേടും.
നീലൂർ കുടിവെള്ള പദ്ധതിയുടെ പേര് മാറ്റിയത് താനല്ല. മുടങ്ങിക്കിടന്ന ഈ പദ്ധതിയെക്കുറിച്ച് എം.എൽ.എ ആയ ശേഷം ആരാഞ്ഞപ്പോൾ ഉദ്യോഗസ്ഥർ തന്നെയാണ് രാമപുരം പദ്ധതിയെന്ന് വിശേഷിപ്പിച്ചത്. പേര് എന്തുമാകട്ടെ പാലായിൽ എല്ലായിടത്തും കുടിവെള്ളം എത്തിക്കാനാണ് പ്രഥമ പരിഗണനകളിൽ ഒന്ന്. പദ്ധതിക്കു മുൻഗാമിയായ കെ.എം. മാണിയുടെ പേര് നൽകിയാലും പിന്തുണയ്ക്കും. പദ്ധതി അടിയന്തരമായി നടപ്പാക്കാൻ സർക്കാർ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. കെ.എസ്.ആർ.ടി.സി ബസുകൾ പാലായിൽനിന്നു മാത്രമല്ല എല്ലായിടത്തു നിന്നും പിൻവലിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽനിന്നു മാത്രമായി 120ൽപരം ബസുകളാണ് ഡിപ്പോകളിൽ നിന്നും പിൻവലിച്ചത്. ഇത് അറ്റകുറ്റപ്പണികൾക്കും സി.എൻ.ജി, ഇലക്ട്രിഫിക്കേഷൻ കാര്യങ്ങൾക്കുമായിട്ടാണ് പിൻവലിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി എം.ഡി പറഞ്ഞത്. പുതുതായി വാങ്ങുന്ന മിനി ബസുകളിൽ പത്തെണ്ണം പാലായ്ക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാണി സി. കാപ്പൻ പറഞ്ഞു.