കണ്ണൂർ - പാലത്തായി പീഡന കേസ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ഉടൻ അറസ്റ്റു ചെയ്യണമെന്ന് എസ്.ഡി.പി.ഐ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എ.സി. ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളോടെ കണ്ടെത്തി രണ്ടാഴ്ച പിന്നിട്ടിട്ടും, പ്രതിയായ അധ്യാപകനും ബി.ജെ.പി പ്രവർത്തകനുമായ പത്മരാജന്റെ ജാമ്യം റദ്ദു ചെയ്യാത്ത പോലീസ് നടപടി ദുരൂഹമാണ്. ഈ വിഷയത്തിൽ സി.പി.എം, ബി.ജെ.പി നേതൃത്വങ്ങൾ രഹസ്യ നീക്കം നടത്തി. കേസ് ഇല്ലാതാക്കാൻ സി.പി.എം സഹായം ചെയ്യുന്നതിന് തെളിവാണ് ഈ കേസിലെ പ്രോസിക്യൂഷൻ നടപടികൾ. ജാമ്യം റദ്ദു ചെയ്ത് അറസ്റ്റു ചെയ്യാൻ ബന്ധപ്പെട്ടവർ നടപടിയെടുത്തിട്ടില്ലെങ്കിൽ എസ്.ഡി.പി.ഐ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് ജലാലുദ്ദീൻ മുന്നറിയിപ്പു നൽകി.
സ്‌കൂളിൽ വെച്ച് അധ്യാപകൻ പീഡനത്തിനിരയാക്കിയെന്ന് വിദ്യാർഥിനിയുടെയും സഹ പാഠികളുടെയും മൊഴികൾ ഉണ്ടായിട്ടും ലോക്കൽ പോലീസും പിന്നീട് ഐ.ജി ശ്രീജിത്തും പ്രതിയെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. ഈ നില തുടർന്നാൽ പത്മരാജൻമാരെ ജനങ്ങൾ തെരുവിൽ നേരിടേണ്ടി വരും. പ്രതിയായ കുനിയിൽ പത്മരാജനും കൂട്ടർക്കും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതു വരെ എസ്.ഡി.പി.ഐ സമര രംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.