തിരുവനന്തപുരം - മരംമുറിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറിൽ ഇറങ്ങിയ വിവാദ ഉത്തരവിന്റെ മറവിൽ കേരളമാകെ നടന്നത് മരം കൊള്ളയാണെന്നും ഇതിന് പിന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
മരം കൊള്ളയെ സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നിരവധിയിടങ്ങളിൽ ഉത്തരവിന്റെ മറപിടിച്ച് നടന്ന മരം കൊള്ളയെ മുട്ടിൽ സൗത്ത് വില്ലേജിൽ നടന്ന 15 കോടിയുടെ മരം മുറിച്ച് കടത്തിയ കേസായി ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
അന്വേഷണം ആദിവാസികളടക്കമുള്ള പട്ടയമുടമകളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടക്കുന്നത്. വനം, റവന്യൂ വകുപ്പകളുടെ വ്യക്തമായ നിയമ ലംഘനമാണ് നടന്നത്. ഇരു വകുപ്പുകളും ഭരിച്ചിരുന്ന സി.പി.ഐ മന്ത്രിമാരോ രാഷ്ട്രീയ നേതൃത്വമോ അറിയാതെ ദൂരവ്യപകമായ പ്രത്യാഘാതങ്ങളുള്ള ഇത്തരമൊരു ഉത്തരവ് ഇറങ്ങാനിടയില്ല. മുഖ്യമന്ത്രിയും ഇടതു നേതാക്കളും ഇതിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.
വിവാദ കേസുകൾ നിരന്തരം അട്ടിമറിച്ച ട്രാക് റെക്കോർഡുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റെ ഏകോപന ചുമതല ഏൽപിച്ചത് കേസ് അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. സാമൂഹ്യ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പാൻഡമിക് സാഹചര്യം മുതലെടുത്ത് കേരളം മുഴുവൻ കൊള്ളയടിക്കാനുള്ള നീക്കമാണ് മാഫിയകളെ സഹായിക്കുക വഴി ഇടതു സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധ പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽ കുമാർ നന്ദി പറഞ്ഞു.