Sorry, you need to enable JavaScript to visit this website.

എണ്ണ വില കുതിക്കുന്നു, മുന്നറിയിപ്പുമായി സൗദി

  • എണ്ണ ഖനന മേഖലയിൽ നിക്ഷേപം കുറയുന്നത് വില കൂടാൻ കാരണം

റിയാദ് - ആഗോള വിപണിയിൽ എണ്ണ വില വലിയ തോതിൽ കുതിച്ചുയരുന്നതിനെതിരെ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. എണ്ണ ഖനന മേഖലയിൽ പുതിയ നിക്ഷേപങ്ങൾ കുറയുന്നതിന്റെ ഫലമായി ആഗോള വിപണിയിൽ എണ്ണ വില വലിയ തോതിൽ കുതിച്ചുയർന്നേക്കും. ഇത്തരമൊരു സാഹചര്യം സംഭവിക്കാതെ നോക്കലാണ് എണ്ണ മന്ത്രിമാരുടെ ചുമതലയെന്ന് താൻ കരുതുന്നു. ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയാൻ ഒപെക് പ്ലസ് കരാർ സാധ്യമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച കരുതലോടെയുള്ള നടപടികൾ ശരിയായിരുന്നെന്ന് കാലം തെളിയിച്ചതായും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.


2050 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഗൗരവത്തായി ആഗ്രഹിക്കുന്നുവെങ്കിൽ എണ്ണ ഖനന മേഖലയിൽ ഈ വർഷം മുതൽ പുതിയ നിക്ഷേപങ്ങൾ നിർത്തിവെക്കേണ്ടത് പ്രധാനമാണെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിനെ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ശക്തിയായി വിമർശിച്ചു. ക്രൂഡ് ഓയിലിനുള്ള ആവശ്യം ഉയർന്നതിനാൽ ഖനന മേഖലയിൽ പുതിയ നിക്ഷേപങ്ങൾ നിർത്തിവെക്കുക ദുഷ്‌കരമാണെന്ന് സൗദി ഊർജ മന്ത്രി പറഞ്ഞു. 


ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിലിന്റെ ഫലമായി 2014 മുതൽ 400 ബില്യൺ ഡോളറിന്റെ എണ്ണ നിക്ഷേപ പദ്ധതികൾ മരവിപ്പിച്ചിട്ടുണ്ട്. ആഗോള നിക്ഷേപം കുറയുന്നത് എണ്ണ വ്യവസായ  മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ദി ഇക്കണോമിസ്റ്റ് മാസിക റിപ്പോർട്ട് പറയുന്നു. 
എണ്ണ ഉൽപാദന മേഖലയിൽ കഴിഞ്ഞ വർഷം നിക്ഷേപങ്ങൾ വലിയ തോതിൽ കുറഞ്ഞതായി അന്താരാഷ്ട്ര ഊർജ ഏജൻസി പറയുന്നു. 2005 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതിലേക്കാണ് എണ്ണ വ്യവസായ മേഖലയിലെ നിക്ഷേപം കഴിഞ്ഞ വർഷം കുറഞ്ഞത്. നിക്ഷേപം കുറഞ്ഞതാണ് ദശകങ്ങൾക്കു മുമ്പ് ഒപെക് ഗ്രൂപ്പിനു പുറത്തുള്ള രാജ്യങ്ങളുടെ എണ്ണയുൽപാദനം കുറയാൻ കാരണം. നിലവിൽ ആഗോള എണ്ണയുൽപാദനത്തിന്റെ 60 ശതമാനവും ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളുടെ സംഭാവനയാണ്. 2025 ഓടെ ഒപെക്കിന് പുറത്തുള്ള രാജ്യങ്ങൾ എണ്ണയുൽപാദനം വലിയ തോതിൽ വർധിപ്പിക്കുമെന്നാണ് കരുതുന്നത്. 


കൊറോണ മഹാമാരി പ്രത്യക്ഷപ്പെടുന്നതിനു മുമ്പു തന്നെ എണ്ണ വ്യവസായ മേഖലയിലെ നിക്ഷേപങ്ങൾ കുറയാൻ തുടങ്ങിയിട്ടുണ്ട്. 2014-2016 കാലഘട്ടത്തിൽ ആഗോള വിപണിയിലുണ്ടായ എണ്ണ വിലയിടിച്ചിൽ നഷ്ടസാധ്യത കൂടിയ വൻകിട എണ്ണ പദ്ധതികളിൽ കമ്പനികൾക്കുള്ള താൽപര്യം കുറയാൻ ഇടയാക്കിയിരുന്നു. 
നിലവിൽ ആഗോള വിപണിയിൽ ശരാശരി എണ്ണ വില ബാരലിന് 70 ഡോളറായിട്ടുണ്ട്. വൈകാതെ എണ്ണ വില 80 ഡോളറിലെത്തുമെന്നാണ് കരുതുന്നത്. 2014 ൽ എണ്ണ വില 114 ഡോളറിലെത്തിയിരുന്നു. ഒപെക് രാജ്യങ്ങൾ പ്രതിദിനം 25.5 ദശലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നു. ലോകത്തെ ആകെ പ്രതിദിന എണ്ണയുൽപാദനം 97 ലക്ഷം ബാരലാണ്. 

Latest News