കുവൈത്ത് സിറ്റി - കാമുകിയുമായി സന്ധിക്കാൻ പർദ്ദയും ശിരോവസ്ത്രവും മുഖാവരണവും ധരിച്ച് ഹോട്ടൽ മുറിയിലെത്തിയ യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സ്ത്രീവേഷത്തിൽ ഹോട്ടൽ മുറിയിൽ കയറിയ ആൾ വനിതയല്ലെന്ന് സംശയം തോന്നിയ ഹോട്ടൽ അധികൃതർ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡിൽ ഹോട്ടൽ മുറിയിൽ വിവാഹിതയായ വനിതക്കൊപ്പമാണ് യുവാവിനെ കണ്ടത്.
സംശയം തോന്നാതിരിക്കാൻ തന്റെയും മക്കളുടെയും പേരിലാണ് യുവതി ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നത്. യുവാവും യുവതിയും കുവൈത്തികളാണ്. വേഷം മാറി ഹോട്ടൽ മുറിയിൽ കയറിയതായി കുറ്റസമ്മതം നടത്തിയ യുവാവ്, കാമുകിയുമായി സന്ധിക്കാൻ ഇതുമാത്രമായിരുന്നു വഴിയെന്ന് ന്യായീകരിച്ചു. ഇരുവർക്കുമെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്.