Sorry, you need to enable JavaScript to visit this website.

പോക്‌സോ കേസ് പ്രതിക്ക് വക്കാലത്ത്, മാത്യു കുഴൽനാടനെതിരെ ഡി.വൈ.എഫ്.ഐ

കൊച്ചി- പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയുടെ വക്കാലത്ത് ഏറ്റെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എക്ക് എതിരെ ശക്തമായ വിമർശനവുമായി ഡി.വൈ.എഫ്.ഐ. മാത്യു കുഴൽനാടൻ വേട്ടക്കാരുടെ ഗോഡ്ഫാദറാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആരോപിച്ചു. പീഡനത്തിനിരയായ കുട്ടിയ്ക്ക് വേണ്ട സഹായം ഡിഐഎഫ്‌ഐ നൽകുമെന്നും എസ് സതീഷ് വ്യക്തമാക്കി.

പോത്താനിക്കാട് സ്വദേശിനിയായ 16 വയസുകാരിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞിട്ടും മറച്ചുവെച്ചതിനായിരുന്നു കേസ്. കുട്ടിയെ പീഡിപ്പിച്ച റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാൻ മുഹമ്മദ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരിയ്ക്കുകയാണ്. ഇതാണ് അഭിഭാഷകനായ മാത്യു കുഴൽനാടൻ ഏറ്റെടുത്തിരിയ്ക്കുന്നത്.

അതേസമയം, തന്റെ നിലപാട് വ്യക്തമാക്കി മാത്യു കുഴൽനാടൻ ഫെയ്‌സ്ബുക്ക് വഴി രംഗത്തെത്തി. 
മാത്യു കുഴൽനാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇത് ഷാൻ മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. ഇപ്പോൾ പോത്താനിക്കാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള െ്രെകം നമ്പർ  473/ 21 കേസിലെ പ്രതിയാണ്. ഈ കേസിൽ പോക്‌സോ പ്രകാരം പോലീസ് ചാർത്തിയിട്ടുള്ള വകുപ്പുകൾ 19ഉം 21ഉം ആണ്. അതായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിച്ചില്ല എന്നതാണ് കുറ്റം. ശരിയായിരിക്കാം.. ഒരുപക്ഷെ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം.

ആദ്യം കുട്ടി മൊഴി കൊടുത്തപ്പോൾ ഷാൻ പ്രതിയായിരുന്നില്ല. പിന്നീട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ മകൾ, കുട്ടിയുടെ അമ്മായി, കുട്ടിയെ കൂട്ടികൊണ്ട് പോവുകയും അതിനുശേഷം കുട്ടി കൊടുത്ത അധിക മൊഴിയിൽ ഷാനിന്റെ പേര് പരാമർശിച്ചതായി അറിയുന്നു. അതിനു പിന്നാലെ നിങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ പ്രചരണം, ഷാൻ കുട്ടിയെ പീഡിപ്പിച്ചു എന്ന പോലെയാണ്. കൂടാതെ ഞാൻ ഷാനെ സംരക്ഷിക്കുന്നെന്നും. അതൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സമരം ചെയ്ത ഞങ്ങളുടെ വനിതാ സഹപ്രവർത്തകർക്കെതിരെ ഹീനമായ പ്രചരണം നിങ്ങൾ നടത്തുന്നു.

നിങ്ങൾക്ക് വേണ്ടത് എന്റെ ചോരയാണെങ്കിൽ അത് നേരിട്ടാവാമല്ലോ. എന്തിനാണ് ഈ അന്തസ്സില്ലാത്ത പണിക്ക് പോകുന്നത് ?

ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഒരു പോക്‌സോ കേസിൽ അഭിഭാഷകൻ എന്ന നിലയിൽ പോലും ഇടപെട്ടിട്ടില്ല. അത് എന്റെ തീരുമാനമായിരുന്നു. എന്നാൽ എന്റെ കണ്മുന്നിൽ അധികാരം ഉപയോഗിച്ചു നിങ്ങൾ ഒരു കോൺഗ്രസ്സ് പ്രവർത്തകനെ വേട്ടയാടുമ്പോൾ, ആദർശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിൻവലിയാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.
അതുകൊണ്ട് ഇനി നിങ്ങൾ വളഞ്ഞു മൂക്ക് പിടിക്കണമെന്നില്ല. നേരിട്ടായിക്കൊള്ളു..

ആടിനെ പട്ടിയാക്കാനും, പട്ടിയെ പ്പേപ്പട്ടിയാക്കി തല്ലികൊല്ലാനും നിങ്ങൾക്കുള്ള വൈഭവം നന്നായറിയാം. അത് ഭയന്ന് പിന്മാറാനില്ല.
കമ്മ്യൂണിസ്റ്റ് അധികാര തുടർച്ചയുടെ അനുരണനങ്ങളാണ് ഇതൊക്കെ. രണ്ടാം പിണറായി സർക്കാരിൽ നിന്നും ഇതും  ഇതിൽ അപ്പുറവും നമ്മൾ പ്രതീക്ഷിക്കണം.

എന്നാൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനെയും വേട്ടയാടാൻ അനുവദിക്കരുത്..
 

Latest News