ഷാര്‍ജ- ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (29) ആഫ്രിക്കന്‍ വംശജരുടെ വഴക്കിനിടെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം.
അബു ഷഗാറയില്‍ ആഫ്രിക്കന്‍ വംശജര്‍ തമ്മില്‍ തര്‍ക്കമുണ്ടായ കെട്ടിടത്തിലാണ് വിഷ്ണു താമസിച്ചിരുന്നത്. സംഭവ സമയം വിഷ്ണു ഫ്‌ളാറ്റിലുണ്ടായിരുന്നു. വഴക്ക് കണ്ട് ഭയന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഗുരുതര പരുക്കേറ്റ വിഷ്ണു രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകമാണെന്ന് സംശയിക്കാന്‍ തക്ക മുറിവ് ശരീരത്തിലില്ലായിരുന്നുവെന്നും മറ്റു സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. ഷാര്‍ജ പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഷാര്‍ജയില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനായിരുന്നു വിഷ്ണു. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.