Sorry, you need to enable JavaScript to visit this website.

കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് പറഞ്ഞിട്ടില്ല-ധനമന്ത്രി

തിരുവനന്തപുരം- കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കമ്പനിയെ പുനരുദ്ധരിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള സ്ഥിതിയുണ്ടാക്കുമെന്നാണ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുള്ളത്. കെഎസ്ആർടിസിയെ ഇനിയും സഹായിക്കാനാകില്ലെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പെൻഷൻ നൽകാനായി സർക്കാർ 660 കോടിയും നൽകിയിട്ടുണ്ട്. 70 കോടി രൂപ വ്യാഴാഴ്ച തന്നെ നൽകിയതായി മന്ത്രി പറഞ്ഞു. ഈ വർഷം ആയിരം കോടി രൂപയുടെ ബാധ്യതയുണ്ടാകും. ഇത് സർക്കാർ തന്നെ പണമായി നൽകും. 1500 കോടി രൂപയാണ് ധനസഹായമായി ഈ വർഷം നൽകിയത്. പെൻഷൻ ശമ്പള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ല. അങ്ങിനെ ഇത് മുന്നോട്ട് കൊണ്ടുപോകാനുമാകില്ല. പെൻഷൻ ബാധ്യത ഏറ്റെടുത്താലും ഈ പ്രശ്നം തീരില്ല. സമഗ്രമായ പാക്കേജ്  നടപ്പാക്കുന്നതോടെ പ്രശ്നം പരിഹരിക്കാൻ കഴിയും.

അടുത്ത വർഷം വരവും ചിലവും തമ്മിൽ 1000 കോടിയുടെ അന്തരമുണ്ടാകും അതിനടുത്ത വർഷവും 1000 കോടി നൽകേണ്ടി വരും. രണ്ട് വർഷം കഴിഞ്ഞാൽ പ്രശ്നം പരിഹരിക്കാൻ കഴിയും. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ അതിനുള്ളിൽ ഫലപ്രാപ്തിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest News