തായിഫ്- ഒന്നര വർഷത്തെ ദുരിതപ്രവാസം അവസാനിപ്പിച്ച് കർണാടക ഗുൽബർഗ സ്വദേശി അമീൻ സാബ് ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക സ്റ്റേറ്റ് വെൽഫെയർ വിംഗിന്റെ ഇടപെടൽ മൂലം നാട്ടിലേക്കു മടങ്ങി. ഇത്രയുംകാലം മാനസികമായും തൊഴിൽപരമായും തൊഴിലുടമയുടെ വീട്ടുകാരിൽനിന്നും നേരിട്ട് കൊണ്ടിരുന്ന പീഡനങ്ങൾക്കാണ് ഇതോടെ അറുതിയായത്. രണ്ടു വർഷം മുമ്പാണ് തായിഫിൽനിന്ന് 300 കിലോമീറ്ററിലധികം ദൂരെ റാനിയക്കടുത്ത് സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ വിസയിൽ ഇദ്ദേഹം എത്തുന്നത്. എന്നാൽ സ്‌പോൺസറുടെ വീട്ടുകാരിൽ നിന്നുമുള്ള നിരന്തരമായ പീഡനം കാരണം അമീൻ സാബ് മാനസികമായി ആകെ തളർന്നു. മാസങ്ങളോളം ശമ്പളം ലഭിക്കാതെയാണ് അവിടെ കഴിഞ്ഞു പോന്നത്. നിസ്സാര കാരണങ്ങൾ പറഞ്ഞു പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ പലപ്പോഴും അമീൻ സാബിനെ റൂമിൽ അടച്ചിട്ടിരുന്ന വീട്ടുകാർ ഒരിക്കൽ വ്യാജ പരാതി നൽകി പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. യഥാർത്ഥ വസ്തുത മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ അമീൻ സാബിനെ ജോലിക്കു നിർത്തുന്നില്ലെങ്കിൽ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്കയക്കാൻ സ്‌പോൺസറോട് നിർദേശിച്ചു.
എന്നാൽ പിറ്റേദിവസം സ്‌പോൺസർ അമീൻ സാബിനെ വെറും കയ്യോടെ തായിഫിൽ കൊണ്ടുവന്ന് വിടുകയായിരുന്നു. പെരുവഴിയിലായ യുവാവ് തായിഫിലെ സോഷ്യൽ ഫോറം പ്രവർത്തകരെ ബന്ധപ്പെട്ടു തന്റെ ദുരവസ്ഥ വിവരിച്ചു. അങ്ങിനെയാണ് സോഷ്യൽ ഫോറം ജിദ്ദ കർണാടക സ്റ്റേറ്റ് വെൽഫെയർ വിംഗ് വിഷയത്തിൽ ഇടപെടുന്നത്. തുടർന്ന് പ്രശ്‌നം പരിഹരിക്കാനും അമീൻ സാബിനെ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്കയക്കാനുമായി വെൽഫെയർ വിംഗ് ലീഡർ മുസ്തഫ പുനച്ച (ജിദ്ദ), സാജിദ്, റഫീഖ് ബുദോളി (തായിഫ്) എന്നിവർ നിരന്തരം സംസാരിച്ചതിനൊടുവിൽ സ്‌പോൺസർ എക്‌സിറ്റ് നൽകാൻ തയാറായി. സോഷ്യൽ ഫോറം പ്രവർത്തകർ അമീൻ സാബിനെ ജിദ്ദയിലെത്തിച്ച് സുമനസ്സുകളുടെ സഹായത്തോടെ പി.സി.ആർ ടെസ്റ്റിന് സൗകര്യം ഏർപ്പെടുത്തുകയും നാട്ടിലേക്കുള്ള ടിക്കറ്റ് തരപ്പെടുത്തുകയും ചെയ്തു. ഒന്നര വർഷത്തെ ദുരിതജീവിതം ഓർമയാക്കി സോഷ്യൽ ഫോറം പ്രവർത്തകർ കഴിഞ്ഞ ദിവസം ജിദ്ദയിൽനിന്ന് മുംബൈയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ അമീൻ സാബിനെ യാത്രയാക്കി. ഒറ്റപ്പെട്ടും ആരും സഹായിക്കാനില്ലാതെയുമായിരുന്ന സാഹചര്യത്തിൽ കൂടെനിന്ന സുഹൃത്തുക്കൾക്കും സോഷ്യൽ ഫോറം കർണാടക സ്റ്റേറ്റ് ഭാരവാഹികൾക്കും നന്ദി പറഞ്ഞാണ് അമീൻ സാബ് നാട്ടിലേക്കു യാത്രയായത്.