Sorry, you need to enable JavaScript to visit this website.

റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് നിയന്ത്രണം; നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ 

റിയാദ് - നിയമ ലംഘനങ്ങൾ നടത്തുന്ന റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും ഓഫീസുകൾക്കും കൂടുതൽ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമവുമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. 32 നിയമ ലംഘനങ്ങൾ നിർണയിക്കുന്ന നിയമത്തിൽ, ഓരോന്നിനും 5,000 മുതൽ 30,000 റിയാൽ വരെ പിഴ വ്യവസ്ഥ ചെയ്യുന്നു. 
ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുക, നിയമ ലംഘനങ്ങൾക്ക് സ്ഥാപനങ്ങൾ അടപ്പിക്കുകയോ ലൈസൻസുകൾ റദ്ദാക്കുകയോ ചെയ്ത ശേഷം പ്രവർത്തനം തുടരുക, തൊഴിലാളികളെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാതെ തൊഴിലാളി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കുക എന്നീ നിയമ ലംഘനങ്ങൾക്ക് 10,000 റിയാൽ വീതം പിഴയാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. 
മന്ത്രാലയത്തിന്റെ അനുമതി കൂടാതെ തൊഴിലാളികളെ മറ്റു മേഖലകളിലേക്ക് മാറ്റുക, കൃത്യസമയത്ത് ലൈസൻസ് പുതുക്കാതിരിക്കുക എന്നീ നിയമ ലംഘനങ്ങൾക്ക് 5,000 റിയാൽ വീതവും പിഴ ലഭിക്കും. 


തൊഴിലുടമ അറിയാതെ തൊഴിലുടമയുടെ പേരിൽ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് 20,000 റിയാൽ പിഴയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ഉപയോക്താക്കളുടെ പരാതികൾ സ്വീകരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്താത്ത റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് 10,000 റിയാലും റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് 20,000 റിയാലും പിഴ ലഭിക്കും. നിശ്ചിത സമയത്തിനകം ബാങ്ക് ഗാരണ്ടിയിൽ ശേഷിക്കുന്ന തുക കെട്ടിവെക്കാത്തതിനും റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കും കമ്പനികൾക്കും ഇതേ പിഴകളാണ് ലഭിക്കുക.
റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ആസ്ഥാനം മാറ്റി, പുതിയ ആസ്ഥാനത്തിന്റെ വിലാസം മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ തിരുത്തലുകൾ വരുത്തി രേഖപ്പെടുത്താരിക്കുക, മന്ത്രാലയം അംഗീകരിച്ച നിരക്കുകൾ പാലിക്കാതിരിക്കുക, റിക്രൂട്ട്‌മെന്റ് ഓഫീസ് നടത്തിപ്പ് ചുമതല ഉടമ സ്വയം വഹിക്കാതിരിക്കുക, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ സ്ഥാപന നടത്തിപ്പ് ഏൽപിക്കുക എന്നീ നിയമ ലംഘനങ്ങൾക്ക് 10,000 റിയാൽ വീതം പിഴ ലഭിക്കും.  


സൗദിയിൽ 1,200 ഓളം റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും നടത്തുന്ന കൃത്രിമങ്ങൾ, തട്ടിപ്പുകൾ, തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് കാലതാമസം വരുത്തുക, റിക്രൂട്ട്‌മെന്റ് നിരക്കുകൾ ഉയർത്തുക എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങൾക്ക് തടയിടാനാണ് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം നടപ്പാക്കുന്നതിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.    

 

Latest News