Sorry, you need to enable JavaScript to visit this website.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും  രേഖ ലക്ഷ്യം -റവന്യൂ മന്ത്രി കെ. രാജൻ 

തിരുവനന്തപുരം- എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 
കേരള പത്രപ്രവർത്തക യൂനിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ നിലപാടുകളനുസരിച്ച് സർഗാത്മകമായി സമീപിക്കും. വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ആശങ്കകളില്ലാത്ത വിധം കരുത്തു പകരുന്നത് ഇടതു മുന്നണിയുടെ നിലപാട് തറയാണ്. ഭൂരഹിത കേരളമെന്ന ആശയത്തിലൂന്നി അർഹരായ മുഴുവൻ പേർക്കും ഭൂമി ലഭ്യമാക്കുകയെന്നതാണ് പ്രധാന ചുമതല. നിലവിലുള്ള നിയമ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി പേർക്ക് പട്ടയം നൽകും. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ഭൂമി തിരിച്ചു പിടിക്കും. അത് കേവലം സാങ്കൽപികം മാത്രമായിരിക്കില്ല. അതിനെ ഗൗരവമായി സമയമെടുത്ത് അവധാനതയോടെ നടപ്പാക്കും. സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവെ പൂർത്തീകരിക്കും. സർക്കാരിന്റെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിതമായ സമയത്ത് സർവെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയായ പ്രവർത്തനങ്ങൾ കൃത്യതയോടെ നടപ്പാക്കും. ഭൂരജിസ്‌ട്രേഷൻ സംബന്ധിച്ച് രജിസ്‌ട്രേഷൻ, റവന്യൂ, ഇ മാപ്പ് എന്നിവയെ കൂട്ടിയോജിപ്പിച്ച് സംയോജിത പോർട്ടൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.


റവന്യൂ വിദ്യാഭ്യാസ യോഗ്യത വകുപ്പിലെ ജീവനക്കാർ നേടേണ്ടതുണ്ട്. റവന്യൂ വകുപ്പിന്റെ വിവിധ നിയമ വശങ്ങളിൽ ജീവനക്കാർക്ക് പരിജ്ഞാനമുണ്ടാക്കും. ഐ.എൽ.ഡി.എം സജീവമാക്കി വില്ലേജ് ഓഫീസർമാർ മുതൽ ഡെപ്യൂട്ടി സബ്കലക്ടർ വരെയുള്ളവരിൽ റവന്യൂ വിദ്യാഭ്യാസം നിർബന്ധിതമാക്കും. സാധാരണക്കാരുടെ ഭൂമി പ്രശ്‌നങ്ങൾ ക്ക് പ്രധാന പരിഗണന നൽകും. ലാന്റ് ബോർഡ് സജീവമാക്കുന്നതിലൂടെ പ്രധാനപ്പെട്ട ഭൂ പ്രശ്‌നങ്ങളെല്ലാം വലിയ പരിധിയിൽ പരിഹരിക്കാനാകും. ഭൂ നികുതി അടയ്ക്കാൻ ഓൺലൈൻ സംവിധാനമുൾപ്പടെ എല്ലാ സേവനങ്ങളും സ്മാർട്ടാക്കും.

തണ്ടപ്പേരും അടിസ്ഥാന നികുതി രജിസ്റ്ററും ഡിജിറ്റലൈസേഷൻ മുഖാന്തരം പൂർത്തീകരിക്കും. ഭൂമി തരം മാറ്റൽ സംബന്ധിച്ച അപേക്ഷകൾക്ക് ഓൺലൈൻ സംവിധാനത്തിനുള്ള മൊഡ്യൂ ളും, സാമൂഹ്യ പെൻഷൻ നൽകുന്നതിന് റവന്യൂ പോർട്ടൽ ഉപയോഗപ്പെടുത്തുന്നതിനായുള്ള മൊഡ്യൂളും തയാറാക്കും.
ഭൂമി തരം മാറ്റ ഫീസിളവ് സംബന്ധിച്ച കാര്യങ്ങളിലെ സംശയങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ അവ്യക്തത ഒഴിവാക്കും. ഭൂമി തരംമാറ്റം സംബന്ധിച്ച കേസുകൾ സമയബന്ധി തമായി തീർപ്പാക്കും. വനഭൂമി അതിർത്തി നിർണയം പൂർത്തീകരിക്കുന്നതിന് മുൻകൈ എടുക്കും. ജണ്ടയിടൽ നടപടികൾ വനം വകുപ്പുമായി ബന്ധപ്പെട്ട് പൂർത്തിയാക്കും. ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസത്തയെ ആക്രമിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.  


സാധാരണക്കാരന് റവന്യൂ വകുപ്പിനെ കൂട്ടിമുട്ടേണ്ട സംവിധാനം വില്ലേജ് ഓഫീസുകളാണ്. വില്ലേജ് ഓഫീസുകളെ അടിസ്ഥാനപരമായി ശാക്തീകരിക്കും. അത് കെട്ടിട മാറ്റത്തിലൂടെ മാത്രം സാധ്യമാകില്ല. ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല, സേവനങ്ങളും പ്രവർത്തനങ്ങളും സ്മാർട്ടാകണം. അടിമുടി സ്മാർട്ടാകുന്ന വില്ലേജ് ഓഫീസുകളാണ് ലക്ഷ്യം. റവന്യൂ ഓഫീസർമാർക്ക് വില്ലേജ് ഓഫീസുകളെ ജനപ്രിയമാക്കാനുള്ള നിർദേശങ്ങൾ അഭിപ്രായമായി അറിയിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. വകുപ്പിന് ജനങ്ങളുമായി ബന്ധപ്പെടേണ്ട കേന്ദ്രങ്ങൾ അഴിമതി രഹിതമായിരിക്കണം. അതിൽ രാഷ്ട്രീയ താല് പര്യമോ, സമ്മർദമോ, സ്വാധീനമോ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.


 

Latest News