കോഴിക്കോട് - ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും പൊതുപ്രവർത്തകരും സംബന്ധിച്ച പ്രൗഢമായ ചടങ്ങോടെ കാരന്തൂർ മർകസ് നാൽപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി മർകസ് റൂബി ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അറിവിന്റെ സംസ്‌കാരത്തെ കെട്ടിപ്പടുക്കുകയാണ് ഇന്നത്തെ കാലത്ത് മനുഷ്യ സ്‌നേഹികളുടെ ദൗത്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അലിയ്യുൽ ഹാശിമി പറഞ്ഞു. വിജ്ഞാനത്തിന്റെ നാഗരികതയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ മാത്രമേ സംഘർഷങ്ങളുടെ കാലത്ത് സമാധാനപൂർണമായ സംവാദങ്ങൾ സാധ്യമാകൂവെന്നും വൈജ്ഞാനിക വിനിമയ രംഗത്ത് മർകസ് നടത്തിയ സേവനങ്ങൾ ഇന്ത്യ-അറബ് ബന്ധത്തെ സുദൃഢമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മർകസ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഹൈടെക് ബ്ലോക്ക് ഉദ്ഘാടനം പത്മശ്രീ എം.എ. യൂസുഫലി നിർവ്വഹിച്ചു. മാനുഷിക മൂല്യങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും നഷ്ടമാകുന്നിടത്താണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നും സമൂഹത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിൽ പണ്ഡിത സമൂഹം നിർവ്വഹിക്കുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
തുനീഷ്യയിലെ സൈതൂന യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ഹിശാം അബ്ദുൽ കരീം ഖരീസ, ചൈനയിലെ സൂഫി സാംസ്‌കാരിക കേന്ദ്രത്തിന്റെ ഡയറക്ടർ മാമിൻയോങ്, ഒമാൻ ശൂറാ കൗൺസിൽ അംഗം ശൈഖ് നാസിർ ബിൻ റാശിദ് അൽ അബ്രി, മലേഷ്യൻ അന്താരാഷ്ട്ര സൂഫി കേന്ദ്രം സഹകാര്യദർശി ശൈഖ് അബ്ദുൽ കരീം ഉസ്മാൻ ബിൻ യഹ്‌യാ ബിൻ അബ്ദാൻ അൽശഹ്‌രി തുടങ്ങിയവർ പ്രസംഗിച്ചു. മർകസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, എസ്.എസ്.എ. ഖാദർ ഹാജി, മൻസൂർ ഹാജി ചെന്നൈ തുടങ്ങിയവർ സംബന്ധിച്ചു.
രാത്രി നടന്ന ആത്മീയ സമ്മേളനത്തിന് ഹബീബ് അലി സൈനുൽ ആബിദീൻ അബൂബക്കർ അൽഹാമിദ്, സയ്യിദ് മഹ്ദിമിയ, സയ്യിദ് അശ്‌റഫ്മിയ, സയ്യിദ് തൻവീർ ഹാശിമി, ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കുന്ന പ്രവാസി മീറ്റ് നടക്കും. സി. മുഹമ്മദ് ഫൈസി, പി.വി. അൻവർ എം.എൽ.എ, വി. അബ്ദുറഹ്മാൻ എം.എൽ.എ, വി.പി.എം. ഫൈസി വില്ല്യാപ്പള്ളി തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് മൂന്ന് മണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. എം.ജി.എസ്. നാരായണൻ, എൻ. അലി അബ്ദുള്ള, ജസ്റ്റിസ് കമാൽ പാഷ, കോടിയേരി ബാലകൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പി. സുരേന്ദ്രൻ, ആലംകോട് ലീലാകൃഷ്ണൻ, ഡോ. ഹുസൈൻ രണ്ടത്താണി, കാസിം ഇരിക്കൂർ, സി.പി. സൈതലവി തുടങ്ങിയവർ പങ്കെടുക്കും.
രാത്രി നടക്കുന്ന ആദർശ സമ്മേളനത്തിൽ എ.പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, പേരോട് അബ്ദുറഹ്മാൻ സഖാഫി, അലവി സഖാഫി കൊളത്തൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, റഹ്മത്തുള്ള സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര തുടങ്ങിയവർ വിഷയാവതരണം നടത്തും. നാഷണൽ മീറ്റിൽ ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, സയ്യിദ് അഹ്മദ് അശ്‌റഫ് കച്ചോച്ചവി, പ്രൊഫ. മുഹമ്മദ് അമീൻ ബറകാത്തി, മൗലാനാ ശാഹിദ് റസ റാംപൂർ, അശ്മത് ബൊബേര കോക്കൺ, സയ്യിദ് ബശീർ ബുഖാരി ഹൈദരാബാദ്, സയ്യിദ് എം.എം. ഖാദി മഹാരാഷ്ട്ര, ഹാജി അൻവർ ശരീഫ് ബാംഗ്ലൂർ തുടങ്ങിയവർ സംസാരിക്കും.
നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി രാജ്യാന്തര പ്രമുഖരും പണ്ഡിതരും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.