കോവിഡ് എന്നു കേട്ടാൽ പോലും ഭീതി ജനിക്കുമായിരുന്ന ദിനങ്ങളാണ് കൊഴിഞ്ഞുപോയത്. കോവിഡിന്റെ രൂപവും ഭാവവും തിരിച്ചറിയാതിരുന്ന നിമിഷങ്ങളിൽ കോവിഡുകാരൻ കടന്നു പോയിരുന്ന വഴികളിൽ എന്നു മാത്രമല്ല, കോവിഡ് രോഗിയുണ്ടെന്നറിഞ്ഞാൽ അതിന്റെ നാലയലത്തു പോലും വരാൻ ഭയപ്പെട്ടിരുന്നു. ഇതിന്റെ തിക്താനുഭവങ്ങൾ ഏറെ അനുഭവിച്ചവരാണ് പ്രവാസികൾ.
ഒരു പ്രവാസി എത്തിയിട്ടുണ്ടെന്നറിഞ്ഞാൽ ആ നാട് ഉറക്കമൊഴിഞ്ഞിരുന്ന് പ്രവാസിയെ അകറ്റാൻ ശ്രമിച്ചിരുന്നു. ഒരുവേള കോവിഡ് പരത്തുന്നവർ എന്ന ദുഷ്‌പേരു പോലും പ്രവാസിക്ക് ചാർത്തിക്കൊടുത്തിരുന്നു. ഇതിന്റെ പേരിൽ ജനിച്ച നാടും വീടും വിട്ടുപോലും ചിലർക്കെങ്കിലും മാറി താമസിക്കേണ്ടിയും വന്നിരുന്നു. പിന്നെപ്പിന്നെ കോവിഡ് പ്രവാസിയുടെ സംഭാവനയല്ലെന്ന് തിരിച്ചറിഞ്ഞതോടെ, നാട്ടിലുള്ളവർ തേരാപാര നടന്ന് കോവിഡ് വ്യാപനം ശക്തമാക്കിയപ്പോൾ മാത്രമാണ് പ്രവാസിക്ക് മോചനമായത്. ഇന്ന് ജനം കോവിഡിനെയല്ല ഭയക്കുന്നത്, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന പ്രയാസങ്ങളെയാണ് ഭയക്കുന്നത്. കോവിഡിനോടുള്ള ഭയം ഇല്ലാതായാതാണ് ഇന്നു ഭയപ്പെടുത്തുന്നത്.
ഈ ഭയമില്ലായ്മയാണ് കോവിഡിന്റെ രണ്ടാം തരംഗത്തിനും വകഭേദങ്ങൾക്കുമെല്ലാം ഇടയാക്കിയത്. അതുകൊണ്ടു തന്നെ ഉണ്ടായ ആൾനാശവും മറ്റു നഷ്ടങ്ങളും ചില്ലറയല്ല. രണ്ടാം തരംഗം മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയെയാണ് തളർത്തിയത്. അതിന്റെ പേരിൽ നാടിനകത്തും പുറത്തുമെല്ലാം വിലക്കുകളുടെ പാളയത്തിലാണ് ജനം. എന്നിട്ടും കോവിഡ് വിട്ടകലുന്നില്ല. പഴയതുപോലുള്ള സൂക്ഷ്മത പുലർത്തുന്നതിലുണ്ടായ വിമുഖതയാണ് ഇതിനു കാരണം. അതിനാൽ കോവിഡ് ഭീതിയകന്നുവെന്നു പറയുമ്പോഴും നിരവധി പേർ രോഗികളായിക്കൊണ്ടിരിക്കുകയാണ്. മരണങ്ങളുടെ എണ്ണത്തിലും കാര്യമായ കറവുണ്ടായിട്ടില്ല. തെല്ലെങ്കിലും ആശ്വാസം ഉണ്ടായത് ഗൾഫ് രാജ്യങ്ങളിലാണ്. അവിടെയും ആയിരങ്ങളാണ് മരണപ്പെട്ടത്, പതിനായിരങ്ങളാണ് രോഗികളായത്.
ആറു ഗൾഫ് രാജ്യങ്ങളിലും കൂടി ജൂൺ 14 വരെ 15,495 പേരാണ് കോവിഡ് ബാധച്ച് മരിച്ചത്. ഇതുവരെ 21,12,105 പേർക്ക് രോഗം പിടിപെട്ടു. ഇതിൽ 20,14,556 പേർ രോഗമുക്തി നേടിയെങ്കിലും പലരും പലവിധ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ തുടക്കം മുതൽ കർശന നടപടികൾ സ്വീകരിച്ചതും രോഗപ്രതിരോധ മാർഗങ്ങൾ അവലംബിച്ചതുമാണ് രോഗത്തെ ഒരു പരിധി വരെയെങ്കിലും പിടിച്ചുകെട്ടാൻ സഹായിച്ചത്. രോഗമുക്തി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗൾഫിൽ കൂടുതലാവാൻ കാരണം സർക്കാരുകളുടെ സൂക്ഷ്മതയാണ്.
ഗൾഫിൽ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതൽ ഖത്തറിലാണ്. ഖത്തറിൽ കോവിഡ്19 സ്ഥിരീകരിച്ചവരിൽ 98.8 ശതമാനം പേരും രോഗമുക്തി നേടി. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയിൽ 96.5 ശതമാനവും മൂന്നാം സ്ഥാനത്തുള്ള സൗദിയിൽ 96.2 ശതമാനവും നാലാം സ്ഥാനത്തുള്ള ബഹ്‌റൈനിൽ 94.8 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള കുവൈത്തിൽ 94.5 ശതമാനവും ഒമാനിൽ 89.4 ശതമാനവുമാണ് രോഗമുക്തി നിരക്ക്. ഇതോടൊപ്പം വാക്‌സിൻ വിതരണം ശക്തിപ്പെടുത്തിയതും ഗുണകരമായി മാറി. കഴിഞ്ഞ ദിവസം വരെ ഗൾഫ് രാജ്യങ്ങളിൽ 3,39,90,316 പേർ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകി ഗൾഫ് രാജ്യങ്ങൾക്കു മാതൃകയാവാനും കഴിഞ്ഞു. ഇതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ ഭീതിയകലാൻ തുടങ്ങിയെങ്കിലും മഹാമാരിയുടെ ഭീതി ഇനിയും വിട്ടകന്നിട്ടില്ലെന്നതാണ് പരമാർഥം.
ഒമാനിൽ മൂന്നുപേർക്ക് ബ്ലാക്ക് ഫംഗസ് കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് മഹാമാരി എളുപ്പം വിട്ടൊഴിയില്ലെന്നു തന്നെയാണ് കാണിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഒമാൻ ആണിപ്പോൾ കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്നത്.
ആശുപത്രികളിൽ സ്ഥലമില്ലാത്ത വിധം രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 33 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. മരണ സംഖ്യ ഓരോ ദിവസവും കൂടുകയാണ്. രാജ്യത്ത് 2,38,566 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,12,064 പേർ രോഗമുക്തി നേടുകുയം 2,565 പേർ മരണപ്പെടുകയും ചെയ്തു. എല്ലാവിധ മുൻകരുതലുകളും രോഗപ്രതിരോധ നടപടികളും സ്വീകരിച്ചിട്ടും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാവാത്തത് ആശങ്കപ്പെടുത്തുന്നതാണ്. സൗദിയിലേക്കു വന്നാൽ ഏതാനും ആഴ്ചകൾക്കു മുൻപ് ആയിരത്തിൽ താഴെ വരെ വന്നിരുന്ന രോഗികളുടെ എണ്ണം ഇപ്പോൾ ആയിരത്തിനു മേലെയാണ്. പത്തിൽ കൂടുതൽ മരണവും ദിനേനയുണ്ട്.
ഇക്കഴിഞ്ഞ ദിവസം 1,269 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രോഗികളായവരുടെ എണ്ണം 4,68,175 ഉം മരണപ്പെട്ടവർ 7,606 ഉം ആയി. 4,50,255 പേർ രോഗമുക്തി നേടിയപ്പോൾ 10,314 പേർ നിലവിൽ ചികിത്സയിലാണ്. ഇതിൽ 1600 ഓളം പേരുടെ നില ഗുരുതരമാണ്. ജനസംഖ്യയിൽ പകുതിയിലേറെ പേർക്ക് ഇതിനകം ഒരു ഡോസ് എങ്കിലും വാക്‌സിൻ കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാതെ തുടരുന്നുവെന്നതു കാണിക്കുന്നത് രോഗം ഇനിയും വിട്ടകലാൻ കൂട്ടാക്കാതെ നമുക്കിടയിൽ തന്നെയുണ്ടെന്നതാണ്. അതുകൊണ്ടു തന്നെ സൂക്ഷ്മതയിൽ ഒരു പിശുക്കും കാണിക്കരുത്. വാക്‌സിൻ രണ്ടു ഡോസ് എടുത്തവരാണെങ്കിൽ കൂടി സർക്കാർ മാനദണ്ഡങ്ങൾ പരിപൂർണമായി പാലിച്ചു വേണം മുന്നോട്ടു പോകാൻ. ചെറിയ ഇളവ് ലഭിക്കുമ്പോഴേക്കും കോവിഡ് പരിപൂർണമായി അകന്നുവെന്ന മട്ടിൽ ഒത്തുകൂടലുകളും ഇടപഴകലുകളുമെല്ലാം നടത്തുന്നവർ രോഗവ്യാപനത്തിനുള്ള അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ മലയാളികൾ ഒട്ടും പിന്നിലല്ലെന്നു വേണം പറയാൻ.
പരസ്യമായും രഹസ്യമായും മലയാളി കൂട്ടായ്മകൾ കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒത്തുകൂടലുകൾ നടത്തുന്നുണ്ട്. നാം എത്ര കണ്ട് സൂക്ഷ്മത പുലർത്തുന്നുവോ അത്ര കണ്ട് രോഗം അകന്നു നിൽക്കും. ആ സൂക്ഷ്മത കോവിഡ് മഹാമാരിയെ നിഷ്‌കാസനം ചെയ്യുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ശക്തി പകരുകയും ചെയ്യും.