കോഴിക്കോട്- ബേപ്പൂർ തുറമുഖത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ക്ഷണിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാജ്യാന്തര നിലവാരമുള്ള തുറമുഖവും പ്രദേശവുമായി ബേപ്പൂരിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകൾ:
ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താൻ സമഗ്ര പദ്ധതിയ്ക്ക് രൂപം നൽകുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. പദ്ധതിയ്ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേര്‍സ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ തയ്യാറാക്കിയ
കരട് രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. സംയോജിത വികസനത്തിനായി പദ്ധതിയെ തുറമുഖവും അനുബന്ധ വികസനവും, ഹാര്‍ബറും അനുബന്ധ വികസനവും, ഉത്തരവാദിത്ത ടൂറിസം, കമ്മ്യൂണിറ്റി വികസന പദ്ധതി എന്നീ നാല് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടല്‍, റെയില്‍ കണക്റ്റിവിറ്റി, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുടങ്ങിയവ ഉദ്ദേശിക്കുന്നു.
ഹാര്‍ബർ അനുബന്ധ വികസനത്തില്‍ അന്താരാഷ്ട്ര ഫിഷിംഗ് ഹാര്‍ബര്‍, ഫിഷിംഗ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങിയ പദ്ധതികളുണ്ടാവും. ടൂറിസം വികസന മേഖലയില്‍ ടൈല്‍ ഫാക്ടറികളെ ഉപയോഗപ്പെടുത്തിയുള്ള വികസനം, മാരിടൈം മ്യൂസിയം, ഉരു മ്യൂസിയം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. കമ്മ്യൂണിറ്റി വികസന പദ്ധതിയില്‍ വീട് നിര്‍മാണം, ഫുട്‌ബോള്‍ സ്റ്റേഡിയം, പ്രാദേശിക കരകൗശലവും നൈപുണ്യവും തുടങ്ങിയവ ലക്ഷ്യമിടുന്നു.
ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകുക. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അയക്കാം. Nammude Kozhikode എന്ന ആപ്പിലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ആപ്പിലെ Suggest എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അഭിപ്രായം രേഖപ്പെടുത്താം. സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുന്ന നിർദ്ദേശങ്ങളും പരിഗണിക്കും.
കഴിഞ്ഞ ദിവസത്തെ യോഗത്തിൽ അവതരിപ്പിച്ച വീഡിയോ ഇവിടെ പങ്കുവെക്കുന്നു.