കൊച്ചി - ഐ.എസ്.എല്ലിൽ പാതി വഴിയിൽ കോച്ചിനെ കൈവിട്ട കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനു കീഴിൽ പ്രതീക്ഷയോടെ തുടങ്ങി. ഇരുവശത്തേക്കും നിലക്കാത്ത ആക്രമണങ്ങൾ കണ്ട മത്സരത്തിൽ പൂനെ സിറ്റി എഫ്.സിയെ അവർ 1-1 ന് തളച്ചു. ആദ്യ പകുതിയിൽ മാഴ്‌സലിഞ്ഞൊ പെരേരയിലൂടെ പൂനെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ നിരന്തരമായി സമ്മർദ്ദം ചെലുത്തിയ ബ്ലാസ്റ്റേഴ്‌സ് മാർക്ക് സ്റ്റിഫ്‌നിയോസിലൂടെ സമനില പിടിച്ചു. ഈ സീസണിലെ നൂറാമത്തെ ഗോളായിരുന്നു സ്റ്റിഫ്‌നിയോസിന്റേത്. പൂനെ ഇതുവരെ എല്ലാ എവേ മത്സരങ്ങളും ജയിച്ചിരുന്നു. എട്ടു കളികളിൽ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ സമനിലയാണ് ഇത്. പൂനെ ഒമ്പത് കളികളിൽ 16 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. ചെന്നൈയൻ എഫ്.സിക്ക് എട്ടു കളിയിൽ 16 പോയന്റുണ്ട്.
ഡേവിഡ് ജെയിംസിന്റെ പരിശീലനത്തിൽ ആദ്യമായിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് നിരന്തരമായ പൂനെ ആക്രമണമാണ് നേരിടേണ്ടി വന്നത്. ക്യാപ്റ്റൻ സന്ദേശ് ജിംഗാന്റെ ഫലപ്രദമായ ഇടപെടലാണ് പലപ്പോഴും ആക്രമണങ്ങൾ ബോക്‌സിലെത്താതെ കാത്തത്. മുപ്പത്തിമൂന്നാം മിനിറ്റിൽ പൂനെയുടെ സമ്മർദ്ദം ഫലം കണ്ടു. പൂനെയുടെ മലയാളി താരം ആശിഖ് കരുണിയനാണ് നീക്കങ്ങൾക്ക് തുടക്കമിട്ടത്. പെനാൽട്ടി ഏരിയയിൽ വലതു ഭാഗത്ത് മാഴ്‌സലോക്ക് ആശിഖ് പന്ത് കൈമാറി. ശാന്തമായി പന്ത് നിയന്ത്രിച്ച് ബ്രസീലുകാരൻ പന്ത് ആതിഥേയരുടെ വലയിലേക്ക് പറത്തി. ഈ സീസണിൽ മാഴ്‌സലിഞ്ഞോയുടെ ആറാം ഗോൾ. വൈകാതെ ആശിഖ് വീണ്ടും സ്‌കോർ ചെയ്യേണ്ടതായിരുന്നു. ആദ്യ പകുതിയുടെ അവസാന വേളയിലാണ് ബ്ലാസ്റ്റേഴ്‌സ് താളം കണ്ടു തുടങ്ങിയത്.
ഇടവേളക്കു ശേഷം ബ്ലാസ്റ്റേഴ്‌സ് ഫോമിലേക്കുയർന്നു. പൂനെയും വിട്ടുകൊടുത്തില്ല. ആശിഖ് മറ്റൊരു സുവർണാവസരം പാഴാക്കിയതിനു പിന്നാലെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോൾ. പകരക്കാരൻ കെസിറോൺ കിസിറ്റോ നൽകിയ പാസുമായി കുതിച്ച പെകൂസൻ പന്ത് സ്റ്റിഫ്‌നിയോസിന്റെ കാലുകളിലേക്ക് തിരിച്ചുവിട്ടു. സ്റ്റിഫ്‌നിയോസിന്റെ ഇടങ്കാലനടി ഗോളിയെ കീഴടക്കിയതും കലൂർ സ്റ്റേഡിയം ഇരമ്പി.
ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്‌സ് നിരന്തരമായി ആക്രമിച്ചു. ഫൈനൽ വിസിലിന് ഒരു മിനിറ്റ് മുമ്പ് വിജയ ഗോൾ നേടാൻ പെകൂസന് നല്ലൊരു അവസരം കിട്ടി. തലനാരിഴക്കാണ് അടി ലക്ഷ്യം തെറ്റിയത്.