കേപ്ടൗൺ - ഒരു വർഷത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് ഒഴുകി നീങ്ങുകയായിരുന്നു. ഇന്ത്യൻ ബാറ്റ്‌സ്മാന്മാരും ബൗളർമാരും എതിരാളികളെ നിർദയം അടിച്ചിരുത്തി. തുടർച്ചയായ ഒമ്പത് പരമ്പരകളാണ് ഇന്ത്യ ജയിച്ചത്. ആ മേധാവിത്വം സ്വന്തം നാട്ടിലാണെന്ന തിണ്ണബലത്തിലായിരുന്നുവോ? ഏവരുടെയും മനസ്സിൽ തത്തിക്കളിച്ച ആ ചോദ്യത്തിന് ഇനി ഉത്തരം കിട്ടും. ഈ വർഷം ഇന്ത്യ കളിക്കുന്ന എല്ലാ ടെസ്റ്റുകളും വിദേശത്താണ്. ആ വലിയ യാത്രക്ക് ഇന്ന് കേപ്ടൗണിലെ ന്യൂലാന്റ്‌സിൽ തുടക്കമാവുകയാണ്. ഇന്ത്യക്കു മേൽ തൂങ്ങിനിന്ന ചോദ്യത്തിന് ഉത്തരം പറയാൻ കെൽപുള്ള ടീമാണ് വിരാട് കോഹ്‌ലിയുടേത്. ആ അവസരം അവർ മുതലെടുക്കുമോ അതോ മുൻ ഇന്ത്യൻ ടീമുകളെ പോലെ നാട്ടിലെ പുലികളും മറുനാട്ടിലെ എലികളുമായി അസ്തമിക്കുമോ?
രണ്ടു വർഷം മുമ്പ് ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യൻ പര്യടനത്തിനെത്തിയപ്പോൾ സ്പിൻ കുഴികളൊരുക്കിയാണ് ഇന്ത്യ വരവേറ്റത്. ഓരോ ടെസ്റ്റിലും ആദ്യ പന്തെറിയും മുമ്പെ ക്യുറേറ്റർ ദാൽജിത് സിംഗ് ഫലം നിർണയിച്ചുവെന്നാണ് അന്ന് ഒരു ദക്ഷിണാഫ്രിക്കൻ കോച്ചിംഗ് സ്റ്റാഫ് പറഞ്ഞത്. അതിന് പകരം വീട്ടാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ന്യൂലാന്റ്‌സിൽ പച്ച വിരിച്ച പിച്ചാണ് ഒരുക്കിയിരിക്കുന്നത്. നാല് പെയ്‌സർമാരുമായി ഇന്ത്യൻ ബാറ്റിംഗ് നിരയെ എറിഞ്ഞുവീഴ്ത്താനൊരുങ്ങുകയാണ് ആതിഥേയർ. പക്ഷേ അത് തിരിച്ചടിച്ചേക്കാൻ സാധ്യതയേറെയാണ്. ഇതാദ്യമായി ഒന്നിനൊന്ന് മികച്ച പെയ്‌സ്ബൗളർമാരാണ് ഇന്ത്യയുടേത്. മാത്രമല്ല, ഇത്ര പ്രതീക്ഷയോടെ ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കയിലേക്ക് പോയിട്ടില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്ന് ടെസ്റ്റ് മാത്രമാണ് ഇന്ത്യ തോറ്റത്. ഈ കാലയളവിൽ ശ്രീലങ്കയിലും വെസ്റ്റിൻഡീസിലും പര്യടനം നടത്തിയിട്ടുണ്ട്. പരിചയ സമ്പത്തും കഴിവുമുള്ള ബാറ്റിംഗ് നിരയുണ്ട്. നന്നായി തന്നെ ടീം ഒരുങ്ങുകയും ചെയ്തിട്ടുണ്ട്. അവസാനമായി ഇന്ത്യ പരമ്പര തോറ്റത് 2014-15 ൽ ഓസ്‌ട്രേലിയയിലാണ്. നാലു മത്സര പരമ്പരയിൽ 0-2 ന് തോറ്റെങ്കിലും പെയ്‌സാക്രമണത്തിനെതിരെ പിടിച്ചുനിൽക്കാനാവുമെന്ന് അന്ന് ടീം സൂചന നൽകിയിരുന്നു. ആദ്യ ഇന്നിംഗ്‌സുകളിലെല്ലാം നാനൂറിലേറെ സ്‌കോർ ചെയ്തു. കോഹ്‌ലി നാലു സെഞ്ചുറിയടിച്ചു.
എന്നാൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ റെക്കോർഡ് മോശമാണ്. ആറ് പരമ്പരകളിൽ അഞ്ചും തോറ്റു, ഒന്ന് സമനിലയായി. 17 ടെസ്റ്റുകളിൽ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. എട്ട് തോൽവിയും ഏഴ് സമനിലയും. എന്നാൽ അവസാന രണ്ടു പരമ്പരകൾ ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു.
തങ്ങളാഗ്രഹിച്ച പിച്ച് എന്നാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും കോച്ച് ഓടിസ് ഗിബ്‌സനും പ്രഖ്യാപിച്ചത്. നാല് പെയ്‌സ്ബൗളർമാരുമായി ദക്ഷിണാഫ്രിക്ക കളിച്ചാൽ അദ്ഭുതപ്പെടേണ്ടതില്ല. പക്ഷേ അവർ ആശയക്കുഴപ്പത്തിലാണ്. ഡുപ്ലെസിയും ഡെയ്ൽ സ്റ്റെയ്‌നും ഹാശിം അംലയും വൈറൽ പനിയിൽ നിന്ന് മോചിതരായിട്ടേയുള്ളൂ. സ്റ്റെയ്‌നും വെർനോൻ ഫിലാന്ററും പരിക്ക് ഭേദമായി തിരിച്ചുവരുന്നതാണ്. കഴിഞ്ഞ മൂന്നു പരമ്പരകളിൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ടീം രണ്ട് ടെസ്റ്റ് ജയിച്ചിട്ടുണ്ട്. മൂന്നാമത്തേതിൽ കഷ്ടിച്ചാണ് ജയം കൈവിട്ടത്. ഭേദപ്പെട്ട വാലറ്റവും നല്ല സ്പിന്നറും ഇന്ത്യയുടേതാണ്. പരമ്പരാഗതമായി സ്പിന്നർമാർക്ക് നല്ല പിന്തുണ കിട്ടുന്ന പിച്ചാണ് ന്യൂലാന്റ്‌സിലേത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിച്ചത് പെയ്‌സ് പിച്ചിൽ വിരാട് കോഹ്‌ലിയുടെ മിന്നുന്ന സെഞ്ചുറിയോടെയാണ്. കോഹ്‌ലി ഫോമിന്റെ പാരമ്യത്തിലാണ്.
ടീം സെലക്ഷനിലും ഇന്ത്യക്ക് വലിയ ആശയക്കുഴപ്പമില്ല. പിച്ച് ബൗളിംഗ് പറുദീസയാണെങ്കിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കു പകരം രോഹിത് ശർമയെ ടീമിലുൾപ്പെടുത്തും. ദക്ഷിണാഫ്രിക്കക്ക് സർവത്ര ആശയക്കുഴപ്പമാണ്. എബി ഡിവിലിയേഴ്‌സ്, തെംബ ബാവൂമ എന്നിവരിലൊരാൾക്കേ കളിക്കാനാവൂ. ഓൾറൗണ്ടർമാരിൽ ആൻഡിലെ ഫെഹ്‌ലുക്‌വായൊ, ക്രിസ് മോറിസ് എന്നിവരിലൊരാൾക്കേ കളിക്കാനാവൂ. സ്റ്റെയ്ൻ, മോർണി മോർക്കൽ എന്നിവരിലൊരാളെ പുറത്തിരുത്തണം. നാലംഗ പെയ്‌സ് പടയെ തുറന്നുവിടാനാണ് തീരുമാനമെങ്കിൽ ഓൾറൗണ്ടർമാർ രണ്ടു പേരെയും പുറത്തിരുത്തണം. സ്റ്റെയ്‌നിന്റെയും ഫിലാന്ററുടെയും ഫിറ്റ്‌നസിൽ അവർക്കത്ര വിശ്വാസം പോരാ. മത്സരത്തിനിടയിൽ പരിക്ക് തിരിച്ചെത്തിയാൽ പ്രശ്‌നം സങ്കീർണമാവും. ഈ വിഷയങ്ങളിലൊക്കെ എന്തു തീരുമാനമുണ്ടാവുമെന്നതിനനുസരിച്ച് ടീം ആകെ മാറിമറിയും. വിക്കറ്റ്‌കൊയ്ത്തിൽ ദക്ഷിണാഫ്രിക്കൻ റെക്കോർഡ് മറികടക്കാൻ സ്റ്റെയ്‌നിന് അഞ്ച് ഇരകളെ മതി. പക്ഷേ സ്റ്റെയ്ൻ പുറത്തിരിക്കേണ്ടി വരാനാണ് സാധ്യതയേറെ. താനുൾപ്പെട്ട ഏറ്റവും പ്രയാസകരമായ ടീം സെലക്ഷനായിരിക്കും ഇതെന്ന് ഡുപ്ലെസി പറയുന്നു.
രവീന്ദ്ര ജദേജക്ക് വൈറൽ ബാധയുണ്ടായത് ഇന്ത്യക്ക് തീരുമാനം എളുപ്പമാക്കി. ഓപണർ ശിഖർ ധവാൻ ഫിറ്റ്‌നസ് നേടിയെങ്കിലും പകരം കെ.എൽ രാഹുലിനെ ഇറക്കണമോയെന്ന് ആലോചനയുണ്ട്. ഡുപ്ലെസി ഏഴ് ടെസ്റ്റിലാണ് ദക്ഷിണാഫ്രിക്കയിൽ ടീമിനെ നയിച്ചത്. ആറും ജയിച്ചു, ഒന്ന് സമനിലയായി.