തിരുവനന്തപുരം- ഡിജിറ്റൽ പഠനോപാധികൾ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്തവരുടെ കണക്കെടുപ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ടെലിവിഷൻ, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ ഇല്ലാത്ത വിദ്യാർത്ഥികളുടെ കണക്കെടുപ്പ് തുടങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാരിന് കൈമാറും. ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികളില്ലെന്ന് സർവേയിൽ കണ്ടെത്തിയതെന്നാണ് സൂചന. ആലപ്പുഴ ജില്ലയിൽ മാത്രം 7,200 വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ, ഓൺലൈൻ പഠനത്തിന് സംവിധാനമില്ല. ഇതു പരിഹരിക്കാൻ സ്‌കൂളുകൾ കേന്ദ്രീകരിച്ച് സഹായസമിതികളുണ്ടാക്കാൻ സർക്കാർ നിർദ്ദേശം നൽകി. കുട്ടികൾക്കുള്ള ഡിജിറ്റൽ പഠനോപകരണങ്ങൾ സഹായ സമിതികൾ നൽകും. പൂർവ വിദ്യാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാകും സമിതി. പട്ടിക വർഗ കോളനികളിൽ നടക്കുന്ന പ്രത്യേക സർവെയുടെ റിപ്പോർട്ട് 20നകം കൈമാറാനും നിർദ്ദേശിച്ചു.