തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ മുന്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും ഉള്‍പ്പെടെ 52 പേര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. സാധാരണ കാര്‍ഗോ നയതന്ത്ര കാര്‍ഗോ ആക്കി മാറ്റാന്‍ ഇടപെടല്‍ നടത്തിയെന്ന കണ്ടെത്തലില്‍ യുഎഇ ആസ്ഥാനമായുള്ള രണ്ട് വിമാനക്കമ്പനികള്‍ക്കും നോട്ടീസ് നല്‍കും.
കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കസ്റ്റംസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതിനുള്ള അനുമതി ചോദിക്കുകയും അത് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് അയയ്ക്കുവാനുള്ള നടപടികളിലേക്ക് കസ്റ്റംസ് കടന്നത്.
യുഎഇ മുന്‍ അറ്റാഷെയായ റാഷിദ് ഖാമിസ്, മുന്‍ കോണ്‍സല്‍ ജനറല്‍ ആയ ജമാല്‍ ഹുസൈന്‍ അല്‍സാബി ഈ രണ്ടു പേര്‍ ഉള്‍പ്പെടെ 52 പേര്‍ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുന്നത്. ഈ നോട്ടീസില്‍ ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങളെന്താണെന്നും വ്യക്തമാക്കും. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കസ്റ്റംസ് കടക്കും.