റിയാദ് - സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവും മൂല്യവർധിത നികുതിയിൽനിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് ഗവൺമെന്റ് പഠിക്കുന്നതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തി. ആദ്യമായി വീട് വാങ്ങുന്ന സൗദി പൗരന്മാരെ വാറ്റിൽനിന്ന് ഒഴിവാക്കുന്ന കാര്യവും പഠിക്കുന്നുണ്ട്. ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പെട്രോൾ ഇപ്പോഴും മുപ്പതു ശതമാനത്തിലേറെ സബ്‌സിഡിയോടെയാണ് വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൺപതു ശതമാനം സൗദി പൗരന്മാരും ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പെട്രോളാണ് ഉപയോഗിക്കുന്നത്. മൂല്യവർധിത നികുതി അഞ്ചു ശതമാനത്തിലധികമായി ഉയർത്തുന്നതിനെ കുറിച്ച് ഗൾഫ് രാജ്യങ്ങൾ പഠിക്കുന്നില്ല. മൂല്യവർധിത നികുതിയുടെ അനുപാതം ഗൾഫ് രാജ്യങ്ങൾ ഏകകണ്ഠമായാണ് നിശ്ചയിക്കേണ്ടത്. ആഗോള വിപണിയിൽ എണ്ണ വില കുറയുന്ന പക്ഷം പ്രാദേശിക വിപണിയിലും അതിനനുസൃതമായി പെട്രോൾ വില കുറയും.
ഗവൺമെന്റ് ജീവനക്കാരുടെ വേതന വിതരണം ഹിജ്‌റ കലണ്ടറിലേക്ക് വീണ്ടും മാറ്റില്ല. വേതന വിതരണം ഗ്രിഗോറിയൻ കലണ്ടറിൽ തുടരും. ഹിജ്‌റ, ഗ്രിഗോറിയൻ കലണ്ടറുകൾ തമ്മിൽ പതിനൊന്നു ദിവസത്തെ വ്യത്യാസം മാത്രമാണുള്ളത്. റിയാദിൽ വൈകാതെ മെട്രോയും ബസ് റൂട്ട് ശൃംഖലയും അടക്കമുള്ള പൊതുഗതാഗത സംവിധാനം നിലവിൽ വരും. ഇതിനു ശേഷം ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും പൊതുഗതാഗത സംവിധാനം യാഥാർഥ്യമാകും.
സ്വകാര്യ ആരോഗ്യ മേഖലയിലെ ആകെ ചികിത്സാ ചെലവിന്റെ 80 ശതമാനവും ഇപ്പോൾ ഇൻഷുറൻസ് കമ്പനികളാണ് വഹിക്കുന്നത്. ഇരുപതു ലക്ഷം കുടുംബങ്ങളും പത്തു ലക്ഷം വ്യക്തികളും ഡയറക്ട് ബെനിഫിറ്റ് പദ്ധതിയായ സിറ്റിസൺ അക്കൗണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒമ്പതു ശതമാനത്തിനു മാത്രമാണ് ഏറ്റവും കുറഞ്ഞ ധനസഹായം ലഭിച്ചത്. അവശേഷിക്കുന്നവർക്കെല്ലാം കൂടുതൽ ധനസഹായം ലഭിച്ചു.
സിറ്റിസൺ അക്കൗണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 50 ശതമാനം കുടുംബങ്ങളെയും സാമ്പത്തിക പരിഷ്‌കരണങ്ങളുടെ അധിക ഭാരം ബാധിച്ചിട്ടില്ല. സാമ്പത്തിക പരിഷ്‌കരണങ്ങൾ മൂലമുള്ള അധിക ഭാരത്തിന് നഷ്ടപരിഹാരമായി ഇവർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദശകങ്ങളിൽ സബ്‌സിഡി ഇനത്തിൽ ഗവൺമെന്റ് പതിനായിരക്കണക്കിന് കോടി റിയാൽ ചെലവഴിച്ചിട്ടുണ്ട്. അർഹരായവർക്കും അല്ലാത്തവർക്കും ഒരുപോലെ സബ്‌സിഡിയുടെ പ്രയോജനം ലഭിക്കുകയായിരുന്നു മുമ്പ് പതിവ്. അർഹതപ്പെട്ടവർക്കു മാത്രമായി സബ്‌സിഡിയുടെ പ്രയോജനം പരിമിതപ്പെടുത്തുന്നതിനാണ് സിറ്റിസൺ അക്കൗണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
ഗവൺമെന്റ് ജീവനക്കാരുടെ മിനിമം വേതനത്തിൽ ഇപ്പോൾ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ശമ്പള സ്‌കെയിൽ, അലവൻസുകൾ, ബോണസുകൾ, അവധികൾ തുടങ്ങി പൊതുമേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാജാവിന്റെ നിർദേശാനുസരണം സിവിൽ സർവീസ് മന്ത്രാലയം ആഴത്തിൽ പഠിക്കുന്നുണ്ട്. പൊതുമേഖലാ സംവിധാനം മൊത്തത്തിൽ പരിഷ്‌കരിക്കുന്നതിനാണ് നീക്കം. നിലവിൽ മികച്ച നിലക്ക് ജോലി നിർവഹിക്കുന്നവരെയും അല്ലാത്തവരെയും നിയമം ഒരേപോലെയാണ് കാണുന്നത്. ഇരു കൂട്ടർക്കും ഒരേനിലക്കുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഭംഗിയായി കൃത്യനിർവഹണം നടത്തുന്നതിന് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലക്കുള്ള പരിഷ്‌കരണങ്ങൾക്കാണ് ശ്രമം. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ ജീവനക്കാർക്കുള്ള യാത്രാപടിയിൽ ഭേദഗതി വരുത്തുന്നതിന് നീക്കമില്ലെന്നും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.