Sorry, you need to enable JavaScript to visit this website.

പ്രതിഷേധം ഫലം കാണുന്നു; ലക്ഷദ്വീപിൽ ഭൂമിയേറ്റെടുക്കുന്നത് നിർത്തിവെച്ചു

കൊച്ചി- ലക്ഷദ്വീപിലെ കവരത്തിയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തിവെച്ചു. റവന്യു ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ അവർ തന്നെ നീക്കി. ഭൂവുടമകളെ അറിയിക്കാതെ ആയിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികൾ നിർത്തിയത്. ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഭരണകൂടം മുന്നോട്ടു വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കവരത്തിയിൽ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയിലാണ് റവന്യു വകുപ്പ് കൊടി നാട്ടിയത്. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു നടപടി. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. കവരത്തി പി.ഡബ്ല്യു.ഡി ഓഫീസിന് എതർവശത്തടക്കം 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഇന്നലെയാണ് ചുവന്ന കൊടി നാട്ടിയത്. എന്തിനാണ്  ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിച്ചില്ല.
അതിനിടെ, ലക്ഷദ്വീപിൽ സിഎഎ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആറ് പേർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി പുതിയ കേസ്. കവരത്തി പോലീസിന്റേതാണ് നടപടി. ആറ് പേരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ആന്ത്രോത്ത് കോടതിയിൽ റിപ്പോർട്ട് നൽകി.
സിഎഎ സമരങ്ങളുടെ ഭാഗമായി ലക്ഷദ്വീപിൽ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുൽ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതിന്് പിന്നാലെ ബോർഡ് സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ആറ് പേർക്കെതിരെ ഇക്കഴിഞ്ഞ ഡിസംബറിലാണ് കേസെടുത്തത്. ആറ് പ്രതികളും പിന്നീട് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങി. ഇവർക്കെതിരെയാണ് 124 എ വകുപ്പു പ്രകാരം രാജ്യദ്രോഹ കുറ്റം കൂടി ചുമത്തി പോലീസ് കോടതിയിൽ പുതിയ റിപ്പോർട്ട നൽകിയത്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി അടുത്ത ദിവസം പരിഗണിക്കും.
അതേസമയം ലക്ഷദ്വീപിൽ ഭരണപരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ദ്വീപിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികളിൽ വേഗത പോരെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പ്രഫുൽ ഖോഡ പട്ടേൽ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരിൽ ചിലർ ദ്വീപിലെ പ്രതിഷേധക്കാർക്കൊപ്പമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രഫുൽ ഖോഡ പട്ടേൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരോട് കരട് വിജ്ഞാപനത്തിൽ താൻ നിർദേശിച്ച കാര്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് അന്ത്യശാസന നൽകിയത്. ജൂൺ 19 വരെ ലക്ഷദ്വീപിൽ തുടരുന്ന പ്രഫുൽ ഖോഡ പട്ടേൽ 20നാണ് തിരികെ പോവുക. അതിനു മുൻപ് നിർദേശിച്ച കാര്യങ്ങളിൽ കൃത്യമായി റിപ്പോർട്ട് വിവിധ വകുപ്പുകളിലെ സൂപ്രണ്ടുമാരും സെക്രട്ടറിമാരും നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
അഡ്മിനിസ്‌ട്രേറ്റർ പ്രതികാര ബുദ്ധിയോടെ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നീക്കം.  ഭരണ പരിഷ്‌കാരങ്ങൾ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെ അടക്കം ഉൾക്കൊള്ളിച്ചാകും സമരം.അഡ്മിനിസ്‌ട്രേറ്റർ ദ്വീപിൽ തുടരുന്ന ദിവസം മുഴുവൻ സമരപരമ്പരകൾ തീർക്കാനാണ് തീരുമാനം. ഭരണപരിഷ്‌കാരങ്ങൾ മൂലം തൊഴിൽ നഷ്ടപ്പെട്ടവരും. ഭൂമി നഷ്ടമാക്കുന്നവർ അടക്കം സമരത്തിൽ അണിനിരക്കും.മത്സ്യബന്ധന മേഖലകളിൽ പണിയെടുത്തിരുന്നവർ, ക്ഷീരകർഷകർ തുടങ്ങിയവരെല്ലാം സമരത്തിൽ പങ്കാളികളാകും.
 

Latest News