കൊല്ലം- ബൈപ്പാസിൽ ടോൾ പിരിവിനെ ചൊല്ലി വൻ പ്രതിഷേധം. ഇന്ന് രാവിലെ മുതൽ ടോൾ പിരിക്കാനുളള ഒരുക്കങ്ങളുമായി അധികൃതർ എത്തിയതു മുതലാണ് സംഘർഷമുണ്ടായത്. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ടോൾ പിരിക്കുന്നത് തുടങ്ങാൻ കമ്പനി അധികൃതർ പൂജാ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ പ്രതിഷേധക്കാർ തടഞ്ഞു. ടോൾ പ്ലാസയുടെ ചില്ല് തകർക്കാനും ശ്രമിച്ചു. മൂന്നാം തവണയാണ് ടോൾ പിരിക്കാൻ കമ്പനി ശ്രമിക്കുന്നത്. സമ്പൂർണ ലോക്ഡൗൺ മാറ്റിയ ഉടൻ ടോൾ പിരിവുമായി കമ്പനി മുന്നോട്ടുവരികയായിരുന്നു.