കൊച്ചി- കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴിലുള്ള എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ചു പൂട്ടണമെന്ന നിർദ്ദേശം ഇതേവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദേശവിരുദ്ധവും മതനിരപേക്ഷമല്ലാത്തതുമായ കാര്യങ്ങൾ പഠിപ്പിച്ചതിന് എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റർനാഷണൽ സ്‌കൂൾ പൂട്ടാൻ സർക്കാർ നിർദേശിച്ചെന്നായിരുന്നു പ്രചാരണം. സ്‌കൂളിലെ വിദ്യാർഥികളെ അടുത്തുള്ള സ്‌കൂളുകളിൽ ചേർക്കാനും സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ സർക്കാർ തലത്തിൽ തീരുമാനമുണ്ടായതല്ലാതെ ഇതു സംബന്ധിച്ച് ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് ഡി.പി.ഐ മോഹൻകുമാർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും ഇത്തരത്തിൽ ഒരു തീരുമാനത്തെക്കുറിച്ച് അറിവുമില്ലെന്ന് പീസ് ഇന്റർനാഷണൽ സ്‌കൂൾ അധികൃതരും പ്രതികരിച്ചു.
പീസ് സ്‌കൂളിൽ പഠിപ്പിക്കുന്ന പുസ്തകങ്ങളിലെ കഥകളിലും പാട്ടുകളിലും ദേശവിരുദ്ധവും മതസ്പർധ വളർത്തുന്നതുമായ ഉള്ളടക്കങ്ങൾ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ 2016 ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് പോലീസിനും വിദ്യാഭ്യാസ വകുപ്പിനും നൽകി. സി.ബി.എസ്.ഇ സിലബസായിരുന്നില്ല സ്‌കൂളിൽ പഠിപ്പിച്ചിരുന്നതെന്നും സർക്കാർ വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായ പാഠ്യപദ്ധതിയാണ് അവിടെയുണ്ടായിരുന്നതെന്നുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ പൂട്ടാൻ സർക്കാർ തീരുമാനിച്ചത്. സിലബസിലെ ഒരു പേപ്പറിൽ പ്രത്യേക മതത്തിന് മാത്രം പ്രാധാന്യം നൽകി. നേരത്തെ ഇവിടെ അധ്യാപകരായിരുന്നവർക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളിൽ മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പോലീസും റിപ്പോർട്ട് നൽകിയിരുന്നു. സിലബസുകൾ മുഴുവൻ മതപരമായ ചട്ടക്കൂട്ടിലാണെന്നും കണക്ക് പഠിപ്പിക്കുന്നത് മത കാര്യങ്ങൾ നിരത്തിയാണെന്നും ലൈംഗിക വിഷയമുള്ളതിനാൽ ബയോളജി പുസ്തകമില്ലെന്നും ഇതിനു പകരം മതപരമായ മാർഗങ്ങളിലൂടെ കാര്യങ്ങൾ പഠിപ്പിക്കുന്നുവെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യാസ, പോലീസ് വകുപ്പുകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്‌കൂൾ പൂട്ടാൻ സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ 2016 ഒക്‌ടോബറിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. വ്യവസായികളായ സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികൾ, അഡ്മിനിസ്‌ട്രേറ്റർ, പ്രിൻസിപ്പൽ എന്നിവർക്കെതിരെയായിരുന്നു കേസ്. മതസ്പർധ വളർത്തിയതിന് സെക്ഷൻ 153 എ വകുപ്പാണ് ചുമത്തിയത്. കേസ് എറണാകുളം സി.ജെ.എം കോടതിയിൽ തുടരുകയാണ്. പുസ്തകത്തിന്റെ പ്രസാധകരായ നവി മുംബൈ സ്വദേശികളായ സൃഷ്ടി ഹോംസിൽ ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹിൽ ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പോലീസ് 2016 ഡിസംബർ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ ആസ്ഥാനമായ ബൂർജ് റിയലൈസേഷന്റെ പേരിലാണ് രണ്ടാം കഌസിലെ ഇസ്‌ലാമിക് സ്റ്റഡീസ് പാഠപുസ്തകം പ്രസിദ്ധീകരിച്ചത്. പീസ് എഡ്യുക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ എം.എം അക്ബർ നിലവിൽ വിദേശത്താണ്. ഐ.എസ് ബന്ധം ആരോപിച്ച് പിടിയിലായ ചിലർക്ക് പീസ് സ്‌കൂളുമായും അനുബന്ധ സംഘടനകളുമായും ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.
2009ൽ ആരംഭിച്ച സ്‌കൂളിന് അംഗീകാരമില്ലെന്ന് ഡി.ഡി.ഇ അസി. കമ്മീഷണർ കെ.ലാൽജിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്‌കൂളിനെതിരെ നടപടിയാകാമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു.
അതേസമയം, എറണാകുളത്തെ പീസ് സ്‌കൂൾ പൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്നത് സംബന്ധിച്ച് തങ്ങൾക്ക് യാതൊരു വിധ അറിവും ഇല്ലെന്ന് പീസ് സ്‌കൂൾ ഡയറക്ടർ നൂർഷ പറഞ്ഞു. ഒരു ദിനപത്രത്തിലാണ് ഇത് സംബന്ധിച്ച് വാർത്ത വന്നത്. അവർക്കു മാത്രമായി ഇത് എവിടെ നിന്നു ലഭിച്ചുവെന്ന് തങ്ങൾക്ക് അറിയില്ല. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ അവിടെയും ഇത് സംബന്ധിച്ച് ഉത്തരവൊന്നും ഇന്നലെ വൈകിട്ട് ആറു വരെ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നെങ്ങനെയാണ് ഇത്തരത്തിൽ ഒരു വാർത്ത വന്നതെന്നാണ് തങ്ങൾക്ക് മനസിലാകാത്തത്. സ്‌കൂളിന് സി.ബി.എസ്.ഇ അംഗീകാരം നൽകുന്നത് പരിഗണിക്കണമെന്ന് കോടതിയുടെ നിർദേശം ഉണ്ട്. ഈ വിവരം വിദ്യാഭ്യാസ വകുപ്പ്് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും നൂർഷ പറഞ്ഞു.