ഇടുക്കി- മീൻ പിടിക്കാൻ വല വീശുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപെട്ട് ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കൾക്കു വേണ്ടിയുള്ള തെരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. മാട്ടുത്താവളം കുമ്മിണിയിൽ ജോയ്‌സ് (31), ഇല്ലിക്കൽ പറമ്പിൽ മനു (31) എന്നിവരെയാണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ കെട്ടുചിറക്കു സമീപം ഒഴുക്കൻപാറയിൽ കാണാതായത്. ജോയ്‌സാണ് കാൽവഴുതി ഒഴുക്കിൽപെട്ടത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മനുവും ഒഴുക്കിൽ പെടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മാണിക്കകത്ത് രതീഷാണ് നാട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ നാട്ടുകാരും വനപാലകരും ചേർന്ന് തെരച്ചിൽ തുടങ്ങി. പെരിയാറിലെ ശക്തമായ നീരൊഴുക്കും കനത്ത മഴയും തെരച്ചിലിന് തടസമാകുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആറോടെ തെരച്ചിൽ നിർത്തി. നാട്ടുകാർ പ്രദേശത്ത് കാവലുണ്ട്. ഇന്നു രാവിലെ തെരച്ചിൽ പുനരാരംഭിക്കും.
ആർ.ഡി.ഒ അനിൽ ഉമ്മൻ, പീരുമേട് തഹസിൽദാർ കെ.എസ്. സതീശൻ, ഡപ്യൂട്ടി തഹസിൽദാർ മുഹമ്മദ് ദിലീപ്, വില്ലേജ് ഓഫീസർ എം. പ്രിജിമോൻ, ഉപ്പുതറ സി.ഐ ആർ.മധു, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജയിംസ് എന്നിവർ സ്ഥലത്തു ക്യാമ്പു ചെയ്ത് തെരച്ചിലിനു നേതൃത്വം നൽകുന്നുണ്ട്.