ദുബായ് - വിസ തട്ടിപ്പിൽ കുടുങ്ങി ജോലിയും പാസ്‌പോർട്ടുമില്ലാതെ ഇന്ത്യൻ തൊഴിലാളികൾ. ഏജന്റിന്റെ ചതിയിൽ കുടുങ്ങിയ ഇവർക്ക് പാസ്‌പോർട്ടില്ലാത്തതിനാൽ നാട്ടിലേക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ എട്ട് തൊഴിലാളികളാണ് ഇന്ത്യൻ കോൺസുലേറ്റിൽ അഭയം തേടിയത്.
1,500 ദിർഹം ശമ്പളമുണ്ടാകുമെന്ന് പറഞ്ഞാണ് ഏജന്റ് ഇവരെ യു.എ.ഇയിൽ എത്തിച്ചത്. എന്നാൽ ഇവിടെയെത്തിയ ശേഷം ഏജന്റിന്റെ സ്വഭാവം മാറി. ഭക്ഷണമോ വെള്ളമോ പണമോ ഇല്ലാതെ തൊഴിലാളികൾ പ്രയാസത്തിലായി. കിരൺ എന്ന സാമൂഹ്യ പ്രവർത്തകൻ തെരുവിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. ഹിദായത്ത് അടൂർ എന്ന സാമൂഹ്യ പ്രവർത്തകന്റെ സഹായത്തോടെ ഉടൻ കോൺസുലേറ്റിൽ എത്തിക്കുകയായിരുന്നു. ഹിദായത്താണ് ഇവർക്ക് ഭക്ഷണവും താമസവും ഒരുക്കിയത്.
മാർച്ച് അഞ്ചിന് യു.എ.ഇയിൽ എത്തിയ ഇവർ ഒരു മാസത്തോളം താൽക്കാലിക പാർപ്പിട കേന്ദ്രത്തിലായിരുന്നു. ജോലിയില്ലെന്ന് പിന്നീടാണ് ബോധ്യമായത്. അപ്പോഴേക്കും പാസ്‌പോർട്ടും ഏജന്റ് വാങ്ങി വെച്ചിരുന്നു. പാസ്‌പോർട്ടില്ലാത്തതിനാൽ കമ്പനിക്ക് ഇവരെ സ്വീകരിക്കാനും പറ്റാത്ത അവസ്ഥയായി. പാസ്‌പോർട്ട് ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അതിനു ശേഷം ഏതെങ്കിലും കമ്പനിയിൽ ജോലി ശരിയാക്കാൻ ശ്രമിക്കുമെന്നും ഹിദായത്ത് പറഞ്ഞു.