തൃശൂർ - കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ പരാതിക്കാരനായ ധർമരാജനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ബിസിനസ് രേഖകളുമായി ഇന്നു രാവിലെ 10ന് തൃശൂർപോലീസ് ക്ലബ്ബിൽ ഹാജരാവാൻ ധർമരാജന് പോലീസ് നിർദേശം നൽകി. കവർച്ച ചെയ്ത പണം തങ്ങളുടേതാണെന്നും ബിസിനസ് ആവശ്യത്തിനായി കൊണ്ടു വന്നതാണെന്നും രേഖകളുണ്ടെന്നും ധർമരാജൻ ഇരിങ്ങാലക്കുട കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. സപ്ലൈകോ വിതരണക്കാരനാണെന്നും പഴം പച്ചക്കറി മൊത്ത വിതരണക്കാരനാണെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകളുമായി ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.