റിയാദ്- ദീര്‍ഘകാലത്തിനു ശേഷം സൗദിയിലെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും വ്യവസ്ഥകള്‍ക്ക് വിധേയമായി മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സര്‍ക്കുലര്‍ പുറത്തിറക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ ഖബര്‍സ്ഥാനുകളിലാണ് മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നത്.
മയ്യിത്ത് നമസ്‌കാരം നടക്കുന്ന മസ്ജിദിന് ഏതാനും കവാടങ്ങളുണ്ടായിരിക്കണമെന്നും മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്ന സാഹചര്യങ്ങളില്‍ മസ്ജിദിലെ എല്ലാ കവാടങ്ങളും ഉപയോഗപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. മയ്യിത്ത് നീക്കം ചെയ്യാന്‍ ഒരു കവാടം പ്രത്യേകം നീക്കിവെക്കണം. ഈ കവാടത്തിലൂടെ മയ്യിത്ത് കൊണ്ടുവരാന്‍ ബന്ധുക്കളെ മാത്രമേ അനുവദിക്കാവൂ എന്നും വ്യവസ്ഥയുണ്ട്.
മസ്ജിദില്‍ അനുശോചനം സ്വീകരിക്കാന്‍ ഒരു നിര (സ്വഫ്) പ്രത്യേകം നീക്കിവെക്കണം. മയ്യിത്തിന്റെ ബന്ധുക്കള്‍ക്കും അനുശോചനം അറിയിക്കുന്നവര്‍ക്കും ഇടയില്‍ വേര്‍തിരിക്കുന്ന ബാരിക്കേഡ് സ്ഥാപിക്കണം. ഇരു വിഭാഗത്തിനുമിടയില്‍ രണ്ടു മീറ്ററിന്റെ അകലം ഉറപ്പുവരുത്തുന്ന നിലക്കാണ് ബാരിക്കേഡ് സ്ഥാപിക്കേണ്ടത്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് നിരീക്ഷിക്കാനും ഇവ ലംഘിക്കരുതെന്ന് വിശ്വാസികളെ ഉണര്‍ത്താനും ഒന്നിലധികം സൂപ്പര്‍വൈസര്‍മാരെ മസ്ജിദില്‍ നിയോഗിക്കണം.
നിര്‍ബന്ധ നമസ്‌കാരങ്ങളുടെ സമയങ്ങളല്ലാത്ത നേരങ്ങളിലാണ് മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കേണ്ടത്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ഒരു മണിക്കൂറില്‍ കുറയാത്ത സമയം മുമ്പോ ഒരു മണിക്കൂറില്‍ കുറയാത്ത സമയത്തിനു ശേഷമോ ആണ് മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. ഒരു മസ്ജിദില്‍ ഒരേ സമയം നമസ്‌കാരം നിര്‍വഹിക്കുന്ന മയ്യിത്തുകളുടെ എണ്ണം മൂന്നില്‍ കവിയാതെ നോക്കുന്നതിന് മയ്യിത്ത് പരിപാലന കേന്ദ്രങ്ങള്‍ക്കും മസ്ജിദുകളില്‍ ചുമതലപ്പെടുത്തുന്ന സൂപ്പര്‍വൈസര്‍മാര്‍ക്കുമിടയില്‍ പരസ്പര ഏകോപനത്തിന് ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകളും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയ ശാഖകകളും തമ്മില്‍ ആശയവിനിമയം നടത്തണമെന്നും ഇസ്‌ലാമികകാര്യ മന്ത്രി നിര്‍ദേശിച്ചു.