റിയാദ്- പക്ഷാഘാതം ബാധിച്ച് അവശനായ മഹാരാഷ്ട്ര സ്വദേശിയെ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചു. റിയാദിൽ ജോലി ചെയ്യവെ അസുഖ ബാധിതനായി പ്രിൻസ് മുഹമ്മദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന താനെ സ്വദേശി ജാവേദ് സ്വലാഹുദ്ദീനെയാണ് വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്.
ജാവേദ് സ്വലാഹുദീൻ രണ്ട് വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ പക്ഷാഘാതം ബാധിച്ച് പ്രിൻസ് മുഹമ്മദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഹോസ്പിറ്റൽ സ്റ്റാഫ് സിദ്ദീഖ് തുവ്വൂരിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെത്തി രേഖകൾ പരിശോധിക്കുകയും ഇദ്ദേഹത്തെ നേരിൽ കണ്ട് കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. ആശുപത്രി രേഖയിലുള്ള നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സ്‌പോൺസറുടെ കുടുംബ സുഹൃത്താണ് ഫോൺ അറ്റൻഡ് ചെയ്തത്. സ്‌പോൺസർ മരിച്ചെന്ന വിവരം നൽകിയ അദ്ദേഹം ജാവേദിന്റെ പാസ്‌പോർട്ടും ഇഖാമയും സിദ്ദീഖിന് നൽകി. ഇഖാമ കാലാവധി തീർന്നതിനാൽ എംബസിയിൽ രജിസ്റ്റർ ചെയ്ത് ഡിപോർട്ടേഷൻ സെന്റർ വഴി എക്‌സിറ്റ് വിസ തരപ്പെടുത്തി. എംബസി ഉദ്യോഗസ്ഥൻ ഷറഫ്, എയർ ഇന്ത്യ ഉദ്യോഗസ്ഥൻ സക്കീഉദ്ദീൻ, കെ.എം.സി.സി സാമൂഹിക പ്രവർത്തകരായ മഹ്ബൂബ്, സുഫ്‌യാൻ ചൂരപ്പുലാൻ, സുബൈർ ആനപ്പടി എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഇദ്ദേഹത്തിന്റെ സഹോദരന്റെ പരിചരണത്തിലാണ്. വീൽ ചെയർ ടിക്കറ്റിലാണ് നാട്ടിലേക്ക് തിരിച്ചത്.