റിയാദ്- അന്തരിച്ച പ്രസിഡന്റ് പി.എം നജീബിന്റെ പേരിൽ കർമ പുരസ്‌കാരങ്ങൾ നൽകുമെന്ന് ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്ന പി.എം നജീബ്.
കോവിഡ് ബാധിച്ച് മരിച്ച കേരളത്തിലെ 14 ജില്ലകളിലെയും ഏറ്റവും നിർധനരായ പ്രവാസികളുടെ 14 കുട്ടികൾക്ക് പഠനസഹായമായി 15,000 രൂപ വീതം സ്‌കോളർഷിപ്പ് നൽകാൻ യോഗത്തിൽ തീരുമാനമായി. പൊതുപ്രവർത്തനം, ആരോഗ്യം, ജീവകാരുണ്യം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ കണ്ടെത്തി പി.എം നജീബ് കർമ്മ പുരസ്‌കാരങ്ങൾ സമ്മാനിക്കും. വരുംതലമുറക്ക് പ്രചോദനം നൽകുന്ന രീതിയിൽ അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തിക്കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഉദ്യമമെന്ന് സൗദി നാഷണൽ കമ്മിറ്റി വ്യക്തമാക്കി.
സൂം പ്ലാറ്റ്‌ഫോമിൽ ചേർന്ന സൗദി നാഷണൽ കമ്മിറ്റിയുടെ യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് വടക്കേവിള അധ്യക്ഷത വഹിച്ചു. വരും വർഷങ്ങളിൽ അദ്ദേഹത്തിന്റെ ഓർമദിനമായ മെയ് നാലിന് സൗദിയിലുടനീളം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സൗദിയിലെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ വ്യക്തി, പ്രവാസലോകത്ത് ആത്മാർഥമായി സേവനം നടത്തുന്ന ഒ.ഐ.സി.സി പ്രവർത്തകൻ, ഒരു ജീവകാരുണ്യ പ്രവർത്തകൻ, ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തുന്ന ഒരു ഡോക്ടർ, ഒരു നഴ്‌സ്, കലാകായിക പ്രതിഭകൾ, നിസ്തുലമായ പ്രവർത്തനം നടത്തുന്ന മാധ്യമ പ്രവർത്തകൻ, വിദ്യാഭ്യാസ മേഖലയിലെ മികച്ച അധ്യാപകർ എന്നിവരെ കണ്ടെത്തിയാണ് വരുംവർഷങ്ങളിൽ പി.എം നജീബ് കർമ പുരസ്‌കാരം നൽകി ആദരിക്കുക. അവാർഡ് നിർണയത്തിനായി പ്രത്യേകം ജൂറിയെ നിയമിക്കാനും യോഗം തീരുമാനമെടുത്തു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷാജി സോണ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിനോടകം തന്നെ 14 ജില്ലകളിലെയും 14 വിദ്യാർഥികളുടെയും വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള തുക കമ്മിറ്റിക്ക് സമാഹരിക്കാൻ സാധിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നും യോഗം അറിയിച്ചു.
പദ്ധതിയുടെ ആദ്യ പരിപാടി അദ്ദേഹത്തിന്റെ കർമ മണ്ഡലമായിരുന്ന ദമാമിലും വരും വർഷങ്ങളിൽ റിയാദ്, ജിദ്ദ, അബഹ തുടങ്ങിയ പ്രവിശ്യകളിലുമായി സംഘടിപ്പിക്കും.
യോഗത്തിൽ ഭാരവാഹികളായ കുഞ്ഞു മുഹമ്മദ് കൊടശ്ശേരി, ജയരാജ് കൊയിലാണ്ടി, നാസറുദ്ദീൻ റാവുത്തർ, ഫൈസൽ ഷരീഫ്, സിദ്ദീഖ് കല്ലൂപറമ്പൻ, ജെ.സി മേനോൻ, കുഞ്ഞുമോൻ കൃഷ്ണപുരം, ജോൺസൻ മാർകോസ്, ഷാനവാസ് എസ്.പി എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് ശങ്കർ എളങ്കൂർ യോഗം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറിമാരായ മാത്യു ജോസഫ് സ്വാഗതവും സത്താർ കായംകുളം നന്ദിയും പറഞ്ഞു.