Sorry, you need to enable JavaScript to visit this website.

അധികഭാരം നേരിടാന്‍ വില കുറഞ്ഞ പെട്രോളിലേക്ക്; സൗദിയില്‍ ജീവിത ശൈലിയില്‍ മാറ്റം

റിയാദ് - സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായ വിലക്കയറ്റം നേരിടുന്നതിന് സ്വദേശികളും വിദേശികളും ജീവിത ശൈലിയിൽ മാറ്റം വരുത്താൻ തുടങ്ങി. ഇന്ധന വിലക്കയറ്റവും മൂല്യവർധിത നികുതി മൂലമുള്ള അധിക ഭാരവും നേരിടുന്നതിനാണ് ഉപയോക്താക്കൾ പുതിയ ശൈലി പിന്തുടരുന്നത്. പല വാഹന ഉടമകളും വില കുറഞ്ഞ പെട്രോളിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ട്. ഒക്‌ടേൻ 91 ഇനത്തിൽ പെട്ട, പച്ച നിറത്തിലുള്ള പെട്രോളിന് ലിറ്ററിന് 1.37 റിയാലും ഒക്‌ടേൻ 95 ഇനത്തിൽ പെട്ട, ചുവപ്പ് നിത്തിലുള്ള പെട്രോളിന് ലിറ്ററിന് 2.04 റിയാലുമാണ് പുതിയ വില. ചില വാഹന ഉടമകൾ ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പെട്രോളിലേക്ക് മാറുന്നതിനെ കുറിച്ച് കാർ ഏജൻസികളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തുന്നുണ്ട്. നിരവധി പേർ സ്വന്തം നിലക്ക് വില കുറഞ്ഞ പെട്രോളിലേക്ക് മാറിയിട്ടുണ്ട്. ഒക്‌ടേൻ 95 ഇനത്തിൽ പെട്ട പെട്രോളിനെ അപേക്ഷിച്ച് ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇന്ധനക്ഷമത കുറവായിരിക്കും. എന്നാൽ വിലകൾ തമ്മിലെ അന്തരവുമായി താരതമ്യം ചെയ്താൽ ഇന്ധനക്ഷമതയിലെ വ്യത്യാസം നാമമാത്രമാണ്. ഇന്ധന വില ഉയർന്നതോടെ ഇന്ധന ഉപഭോഗം കുറക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് ചില കമ്പനികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. 
വിദേശ തൊഴിലാളികൾക്കുള്ള ലെവി ഉയർത്തിയത് കൂലിച്ചെലവുകൾ വലിയ തോതിൽ വർധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം സ്വയം നിർവഹിക്കുന്നതിന് സാധിക്കുന്ന ചെറുകിട ജോലികൾക്ക് വിദേശികളെ ആശ്രയിക്കുന്നത് പലരും അവസാനിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂലി ചെലവുകൾ വർധിച്ചതിനെ തുടർന്ന് വീട് സ്വയം പെയിന്റടിച്ചതിന്റെ അനുഭവം സൗദി പൗരന്മാരിൽ ഒരാൾ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒരു മുറി പെയിന്റടിക്കുന്നതിന് 1200 റിയാൽ തോതിലാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. വില പേശിയാൽ നിരക്കിൽ ചെറിയ വിട്ടുവീഴ്ചകൾക്ക് തൊഴിലാളികൾ തയാറാകുമായിരുന്നു. എന്നാൽ 390 റിയാലിന് പെയിന്റിംഗ് ഉപകരണങ്ങൾ വാങ്ങി വീടിന്റെ ഉൾവശം താൻ സ്വയം പെയിന്റടിക്കുകയായിരുന്നു. ആദ്യമായാണ് താൻ പെയിന്റിംഗ് ജോലി ചെയ്യുന്നതെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ഇത് വശമാക്കുന്നതിന് തനിക്ക് സാധിച്ചെന്നും സൗദി പൗരൻ പറഞ്ഞു. 
മൂല്യവർധിത നികുതി ബാധകമല്ലാത്ത ചെറുകിട സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് ശ്രമിച്ച് വാറ്റ് മൂലമുള്ള അധിക ഭാരം ഒഴിവാക്കുന്നതിന് ചിലർ നോക്കുന്നു. ചെലവുകൾ ലാഭിക്കുന്നതിന് സാധനങ്ങൾ മൊത്തമായി വാങ്ങുന്ന രീതി ചിലർ പരീക്ഷിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് വില കുറവുള്ള സ്ഥാപനങ്ങളെ കുറിച്ച് ചിലർ പ്രചരിപ്പിക്കുന്നുമുണ്ട്. 
വാറ്റിന്റെ പേരിൽ വ്യാപകമായ തട്ടിപ്പുകളാണ് വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നത്. ചില സ്ഥാപനങ്ങൾ നാണയങ്ങൾ ബാക്കി നൽകേണ്ടതില്ലാത്ത നിലക്ക് വിലകൾ നിർണയിക്കുകയാണ്. വാറ്റ് നടപ്പാക്കിയത് ഫലത്തിൽ ഇത്തരം സ്ഥാപനങ്ങൾക്ക് അധിക ലാഭത്തിനുള്ള അവസരമായി മാറുകയാണ്. മറ്റു ചില സ്ഥാപനങ്ങൾ വാറ്റ് ഇനത്തിലുള്ള തുക കഴിച്ച് ബാക്കിയുള്ള നാണയത്തുട്ടുകൾ നൽകുന്നില്ല. നാണയങ്ങൾ സ്റ്റോക്കില്ല എന്ന കാരണമാണ് ഇത്തരം സ്ഥാപനങ്ങൾ നിരത്തുന്നത്. ബാക്കി നൽകുന്നതിന് നാണയങ്ങൾ ലഭ്യമാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികളെടുക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റു ചില സ്ഥാപനങ്ങൾ മൂല്യവർധിത നികുതി തങ്ങൾ വഹിക്കുമെന്ന് പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഉൽപന്നങ്ങളുടെ വില ഉയർത്തിയാണ് ഉപയോക്താക്കളെ പ്രതിനിധീകരിച്ച് വാറ്റ് തങ്ങൾ വഹിക്കുമെന്ന് ഈ സ്ഥാപനങ്ങൾ അവകാശപ്പെടുന്നത്. വാറ്റ് നടപ്പാക്കിയതോടെ സൗദിയിലെങ്ങും നാണയത്തുട്ടുകൾക്ക് ആവശ്യം വർധിച്ചിട്ടുണ്ട്. ഇതുവരെ 5, 10 ഹലലകൾ ആർക്കും വേണ്ടായിരുന്നു. വാറ്റ് നടപ്പാക്കിയതോടെ ഈ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യം ചെറിയ വിഭാഗത്തിൽ പെട്ട നാണയങ്ങൾക്കാണ്. 

Latest News