മൗനം വിദ്വാന് ഭൂഷണമാണെന്നാണ് പൊതുവെയുള്ള ചൊല്ല്. എന്നാൽ എല്ലാ മൗനങ്ങളും വിദ്വാൻമാർക്ക് ഭൂഷണമല്ല. പ്രതികരിക്കേണ്ടിടത്ത് അത് ചെയ്യാതിരിക്കുന്നത് വിഡ്ഢിയുടെയും ഭീരുവിന്റെയും ലക്ഷണമാണ്. ഒരു രാജ്യത്തിലെ ജനങ്ങൾക്ക് പ്രതികരണ ശേഷി നഷ്ടപ്പെടുമ്പോൾ രാജ്യം അധഃപതനത്തിലേക്കാണ് നയിക്കപ്പെടുക.
തങ്ങളുടെ ചെയ്തികളെയും നിലപാടുകളെയും വിമർശിക്കുകയും എതിർക്കുകയും ചെയ്യാത്ത പൗര സമൂഹത്തെയാണ് സ്വേഛാധിപതികളായ ഭരണകർത്താക്കൾ എപ്പോഴും ഇഷ്ടപ്പെടുന്നത്. അഥവാ വിമർശിക്കുകയും എതിർക്കുകയും ചെയ്താൽ തന്നെ അതിനെ അടിച്ചമർത്താൻ ഭരണകൂടത്തിന്റെ കൈയിലുള്ള വജ്രായുധമാണ് രാജ്യദ്രോഹക്കുറ്റം. സർക്കാരിനെ വിമർശിച്ചാൽ അത് രാജ്യത്തിനെതിരെയുള്ള പ്രവർത്തനമായി കണ്ടുകൊണ്ട് ജയിലിലടക്കാൻ നിയമപരമായി കണ്ടെത്തിയ ഏറ്റവും നല്ല മാർഗം.
ഈ നിയമത്തിന്റെ എല്ലാ അന്തഃസത്തയെയും കാറ്റിൽ പറത്തിക്കൊണ്ടും പൗരാവകാശത്തെ ചവിട്ടിമെതിച്ചുകൊണ്ടും ജനങ്ങൾക്കിടയിൽ ഭീതി പരത്തിക്കൊണ്ടുമാണ് നരേന്ദ്ര മോഡി ഭരണകൂടം സ്വന്തം പൗരൻമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ടിരിക്കുന്നത്. സർക്കാരിനെ വിമർശിച്ചാൽ, ജനകീയ സമരങ്ങളുടെ ഭാഗമായാൽ, ഭരണകർത്താക്കൾക്കെതിരെ രാഷ്ട്രീയമായ നിലപാട് സ്വീകരിച്ചാൽ, അങ്ങനെ പൗരാവകാശം അനുവദിക്കുന്ന കാര്യങ്ങൾ ചെയ്താൽ പോലും രാജ്യദ്രോഹിയായി ജയിലിൽ കിടക്കേണ്ടി വരുന്ന അവസ്ഥ. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറ്റവും കൂടുതൽ വിലകൽപിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം 165 ശതമാനത്തിലധികം വർധനയാണ് രാജ്യദ്രോഹക്കുറ്റങ്ങൾ ചുമത്തുന്ന കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സർക്കാരിനെ വിമർശിക്കുകയോ ഭരണകർത്താക്കൾക്ക് സ്വീകാര്യമല്ലാത്ത അഭിപ്രായങ്ങൾ പറയുകയോ ചെയ്യുന്നവർക്കെതിരെ ഈ നിയമം ദുരുപയോഗിക്കുന്നു. ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് പോലീസുകാർ പെറ്റിയടിക്കുന്ന അതേ ലാഘവത്തോടെയാണ് ജനാധിപത്യ സംരക്ഷകർക്കെതിരെ മോഡി സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്.
ഏറ്റവുമൊടുവിൽ ലക്ഷദ്വീപിലെ പോരാളിയും യുവ സംവിധായികയുമായ ആയിഷ സുൽത്താനക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുള്ളത്. ദ്വീപിലെ ജനങ്ങളുടെ അവാസ വ്യവസ്ഥയെയും അവരുടെ നിലനിൽപിനെയും പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ള നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് സ്വീകരിച്ചപ്പോൾ അതിനെ എതിർത്തതിനും പുറംലോകത്തെ അറിയിച്ചതിനുമാണ് അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുള്ളത്. ദ്വീപിൽ കോവിഡ് പടർന്നുപിടിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റർ ജൈവായുധം പോലും പ്രയോഗിക്കുന്നു എന്ന ധ്വനിയിലുള്ള ടെലിവിഷൻ ചർച്ചയിലെ ഒരു പരാമർശമാണ് അവരെ രാജ്യദ്രോഹിയാക്കിയത്. താൻ ഉദ്ദേശിച്ച കാര്യം പറയുന്നതിനിടയിൽ എന്തെങ്കിലും നാക്കുപിഴ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് പരസ്യമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞിട്ട് പോലും ആയിഷ സുൽത്താനക്ക് രക്ഷയുണ്ടായിട്ടില്ല. അഡ്‌നിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നിലപാടുകൾക്കെതിരെ ലക്ഷദ്വീപ് ജനത ഒറ്റക്കെട്ടായി ജനാധിപത്യ സമരത്തിനിറങ്ങുമ്പോൾ അതിന്റെ മുൻനിരയിൽ നിൽക്കുന്ന ആയിഷ സുൽത്താനയെ രാജ്യദ്രോഹിയാക്കി ജയിലിലടക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്.
ആയിഷ സുൽത്താന മാത്രമല്ല കർഷക സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ദിഷാ രവിയെന്ന പെൺകുട്ടിയും പത്രപ്രവർത്തകനെന്ന രീതിയിൽ സത്യമായ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മലയാളിയായ സിദ്ദീഖ് കാപ്പനും തുടങ്ങി നിരവധി മനുഷ്യാവകാശ പ്രവർത്തകരെയാണ് അടുത്ത കാലത്തായി മോഡി സർക്കാർ രാജ്യദ്രോഹികളാക്കി മുദ്ര കുത്തിയത്. ഇവരിൽ പലരും ജയിലിലായി. നീതിപീഠങ്ങളുടെ സമയോചിത ഇടപെടൽ കൊണ്ട് മാത്രം മറ്റു പലരും അധികാലം തടവറക്കുള്ളിൽ കഴിയാതെ മോചിതരായി. എല്ലാവരും ചെയ്ത കുറ്റം ഒന്നാണ്. ജനാധിപത്യ അവകാശങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ഭരണകൂടത്തെയും അവരുടെ നയങ്ങളെയും വിമർശിക്കുകയും അതിനെതിരെ നിലപാട് എടുക്കുകയും ചെയ്തുവെന്ന കുറ്റം.
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ്. ഇപ്പോൾ നടക്കുന്ന രീതിയിൽ ഇതിന് മുൻപ് ഒരു കാലത്തും ഈ നിയമം ഇത്രത്തോളം വലിയ തോതിൽ ഭരണകൂടം ദുരുപയോഗം ചെയ്തിട്ടില്ല. 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയുമാണ്. സർക്കാർ വിചാരിച്ചാൽ ഏതൊരു പൗരനെയും ജീവിതകാലം മുഴുവൻ അഴിക്കുള്ളിലിടാൻ കഴിയുമെന്ന് സാരം. രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളർത്തുന്നതും കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനങ്ങളും ഒക്കെയാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരുന്നത്. നിയമം മൂലം സ്ഥാപിതമായ സർക്കാരിനോടുള്ള മമതക്കുറവും ഈ വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഭരണകൂടം മനുഷ്യാവകാശ പ്രവർത്തകരെയും തങ്ങളുടെ നിലപാടുകളെ എതിർക്കുന്നവരെയും മറ്റും രാജ്യദ്രോഹികളാക്കി മാറ്റുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താനുള്ള ഏറ്റവും നല്ല ഉപാധിയാണ് 124 എ വകുപ്പ്. ബ്രിട്ടീഷുകാർ ഇന്ത്യയെ കോളനിയാക്കി ഭരിച്ചിരുന്ന കാലത്ത് അവർക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചമർത്താൻ രാജ്യദ്രോഹക്കുറ്റം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്താൻ തോമസ് മെക്കാളെ പ്രഭുവാണ് ശുപാർശ ചെയ്തത്. 1898 ലാണ് ഇപ്പോഴത്തെ രൂപത്തിലുള്ള നിയമം പ്രാബല്യത്തിൽ വന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും എതിരാണെന്ന് കണ്ട് ബ്രിട്ടനിൽ ഈ നിയമം റദ്ദാക്കിയിരിക്കുകയാണ്. മറ്റു പല രാജ്യങ്ങളും ഈ നിയമം റദ്ദാക്കാനുള്ള ചർച്ചകൾക്ക് ഇപ്പോൾ തുടക്കമിട്ടിട്ടുണ്ട്. അപ്പോഴാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അഭിപ്രായങ്ങൾ പറയുന്നവരെ മനപ്പൂർവം ദ്രോഹിക്കാനായി യാതൊരു തത്വദീക്ഷയുമില്ലാതെ കേന്ദ്ര സർക്കാർ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നത്.
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന രീതിയിലാണ് നിരപരാധികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്ന് ഏറ്റവും ഒടുവിൽ ദിഷാ രവി കേസിൽ അടക്കം പലതവണ സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയെങ്കിലും നരേന്ദ്ര മോഡി സർക്കാരിന് അതൊന്നും ബാധകമല്ല.
നാഷണൽ ക്രൈം റെേക്കാർഡ്‌സ് ബ്യൂറോ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ മാത്രം മതി മോഡി സർക്കാർ രാജ്യദ്രോഹക്കുറ്റ നിയമത്തെ എങ്ങനെയാണ് ദുരുപയോഗപ്പെടുത്തുന്നതെന്ന് ബോധ്യപ്പെടാൻ. 2016 ൽ കേവലം 35 കേസുകൾ മാത്രമാണ് രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ളത്. എന്നാൽ 2019 ൽ കേസുകളുടെ എണ്ണം 93 ആയി ഉയർന്നു. 165 ശതമാനത്തിന്റെ വർധന. 2020 ലെ കണക്കുകൾ കൃത്യമായി പുറത്ത് വന്നിട്ടില്ലെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. മുൻപ് രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങളിലും കലാപങ്ങൾക്കുള്ള ആഹ്വാനങ്ങളിലും മറ്റുമാണ് രാജ്യദ്രോഹം ചുമത്തിയിരുന്നതെങ്കിൽ ഇപ്പോൾ സർക്കാരിനോ, പ്രധാനമന്ത്രിക്കോ എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞാൽ പോലും തീവ്രവാദിയും രാജ്യദ്രോഹിയും പാക്കിസ്ഥാൻ പക്ഷപാതിയുമൊക്കെയായി മാറും.
എഴുത്തുകാരി അരുന്ധതി റോയി, സാമൂഹ്യ പ്രവർത്തകൻ ഡോ: ബിനായക് സെൻ, കാർട്ടൂണിസ്റ്റ് അസീം ത്രിവേദി, ജെ.എൻ.യുവിലെ വിദ്യാർത്ഥി യൂനിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാർ, അധ്യാപകൻ എ.ജി.നൂറാനി തുടങ്ങി നിരവധി പ്രമുഖരായ എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും പത്രപ്രവർത്തകരുമെല്ലാം കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയ്ക്ക് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.
ജനാധിപത്യ രീതിയിൽ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താൻ ഒരു ഭരണകൂടത്തിന് എളുപ്പത്തിൽ സ്വീകരിക്കാവുന്ന മാർഗമായി രാജ്യദ്രോഹക്കുറ്റം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഭരണകൂട ഭീകരത നടപ്പാക്കാനുള്ള ഏറ്റവും നല്ല ഉപാധിയായി ഈ നിയമം മാറിക്കഴിഞ്ഞു. നീതിപീഠങ്ങളാകട്ടെ, ഈ നിയമത്തിന്റെ അവ്യക്തത മൂലം പലപ്പോഴും കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനാകാതെ വലയുന്നുമുണ്ട്. ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണമെങ്കിൽ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരേണ്ടതുണ്ട്. അതിനുള്ള സാഹചര്യങ്ങളും ചർച്ചകളുമാണ് രാജ്യത്ത് ഉരുത്തിരിയേണ്ടത്.