കോഴിക്കോട്- കേരളത്തിൽ പള്ളികൾ തുറക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ന് അർധരാത്രി മുതൽ ലോക്ഡൗണിൽ ഇളവ് വരുത്തുന്ന സാഹചര്യത്തിൽ ആരാധനാലയ പ്രവേശനത്തിനും ഉപാധികളോടെ സമ്മതം നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് മാത്രമേ ആരാധനകൾക്കായി വിശ്വാസികൾ പള്ളികളിൽ സംഗമിക്കുകയുള്ളൂ. വെള്ളിയാഴ്ച ജുമുഅക്ക് നാൽപത് പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി നൽകണമെന്നും ടെലഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രിയോട് പറഞ്ഞു. കാര്യങ്ങൾ വിശകലനം ചെയ്തു വരികയാണെന്നും, ആരാധനാലയ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെയും സമൂഹത്തിന്റെയും താത്പര്യങ്ങൾ മാനിച്ചുകൊണ്ടുള്ള ഒരു തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും കാന്തപുരം വ്യക്തമാക്കി.