പട്ടാമ്പി- സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടതായി പരാതി. പാലക്കാട് പട്ടാമ്പി സേവന ആശുപത്രിക്കെതിരെ പരാതിയുമായി മരിച്ചയാളുടെ ബന്ധുക്കൾ രംഗത്തെത്തി. ഒറ്റപ്പാലം സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ടത്.
ആൻജിയോ പ്ലാസ്റ്റിക്കായി കഴിഞ്ഞ ദിവസമാണ് സുന്ദരിയെ ആശുപത്രിയെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയെ തുടർന്ന് ഇവർ മരണപ്പെട്ടു. മൃതദേഹം അന്ന് തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചതായിരുന്നു. പിറ്റേന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയപ്പോഴാണ് മുഖത്തെ മുറിവുകൾ ശ്രദ്ധയിൽപെട്ടത്. ബന്ധുക്കളോട് എലി കരണ്ടതാണ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.