ദോഹ- വേസ്റ്റ് നിയന്ത്രിക്കാൻ റീസൈക്ലിംഗ് പൈലറ്റ് പ്രോഗ്രാമുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ തിരഞ്ഞെടുത്ത സൈറ്റുകളിലാണ് റീസൈക്ലിംഗ് പൈലറ്റ് പ്രോഗ്രാം ആരംഭിച്ചത്.
വേസ്റ്റ് വൈസ് പ്രോഗ്രാം എന്ന പദ്ധതി പേപ്പർ, അലുമിനിയം, പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ എന്നിവ റീസൈക്കിൾ ചെയ്യുന്നതിന് സജ്ജമാക്കിയ അത്യാധുനിക ബിന്നുകൾ ഉപയോഗിക്കാൻ സ്റ്റാഫ്, രോഗികൾ, സന്ദർശകർ എന്നിവരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, റീസൈക്ലിംഗുമായി ബന്ധപ്പെട്ട ശീലങ്ങളും പെരുമാറ്റങ്ങളും മാറ്റാനും ലക്ഷ്യം വെക്കുന്നതാണ് .
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ വഴി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ 85 ശതമാനവും പൊതുവായതും അപകടകരമല്ലാത്തതുമായ മാലിന്യങ്ങളാണ്, ഇതിൽ ഭൂരിഭാഗവും പുനരുപയോഗം ചെയ്യാൻ കഴിയും.
ഖത്തർ നാഷണൽ വിഷൻ 2030 നും പാരിസ്ഥിതിക സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയ്ക്കും അനുസൃതമായി, ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഖത്തറിലെ മണ്ണിലിടുന്ന പൊതു മാലിന്യങ്ങൾ കുറയ്ക്കുന്നതിനാണ് ഹമദ് മെഡിക്കൽ കോർപറേഷൻ ശ്രമിക്കുന്നതെന്ന് എച്ച്എംസി ഹെൽത്ത് കെയർ ഫെസിലിറ്റീസ് മേധാവിയും ബിസിനസ് സർവീസസിന്റെ ആക്റ്റിംഗ് ചീഫുമായ ഹമദ് അൽ ഖലീഫ പറഞ്ഞു.
ലാൻഡ്ഫില്ലിലേക്ക് അയക്കുന്ന പൊതു മാലിന്യത്തിന്റെ അളവ് 2021 ൽ 10 ശതമാനവും 2022 നവംബറിൽ 15 ശതമാനവും കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി, നാല് ഘട്ട പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന്റെ ആദ്യപടിയായാണ് എച്ച്എംസിയുടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചത്. 2022 ൽ രാജ്യം ലോക കപ്പിന് ആതിഥ്യമരുളുമ്പോൾ ഹമദ് മെഡിക്കൽ കോർപറേഷന്റെ എല്ലാ കേന്ദ്രങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്താനാണ് പരിപാടി
ജനങ്ങൾ അധികമായി ഉപയോഗിക്കുന്ന ലോബി, റിസപ്ഷൻ, കഫറ്റീരിയകൾ മുതലായ സ്ഥലങ്ങളിലൊക്കെ വ്യത്യസ്ത വേസ്റ്റുകൾക്കുള്ള പുതിയ റീസൈക്ലിംഗ് ബിനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ മാസവും എത്രമാത്രം പുനരുപയോഗം ചെയ്യുന്നുവെന്ന് നിരീക്ഷിക്കാൻ പുതിയ മാലിന്യ സംവിധാനം സഹായകമാണ്.