സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനും സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റെയും അവസാന തുരുത്തുകള്‍ പോലും ഇല്ലാതാക്കാനും ആസുത്രിത ശ്രമം നടക്കുമ്പോള്‍ പുളിക്കല്‍ മസ്ജിദ് തഖ് വ ഒരുക്കിയ മാനവ മൈത്രീ സംഗമം ശ്രദ്ധേയമായി.
ഇതര മതസ്ഥർക്കും പള്ളിയില്‍ കയറി ജുമുഅ നമസ്കാരം കാണാനും ഖുതുബ കേള്‍ക്കാനും അവസരമൊരുക്കിയ പള്ളി ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് സംഗമത്തില്‍ പങ്കെടുത്ത സത്യന്‍ പുളിക്കല്‍ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായി. മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വേറിട്ടതായി ഈ കുറിപ്പ്.
സത്യന്‍ പുളിക്കല്‍ എഴുതിയ കുറപ്പിന്‍റെ പൂർണരൂപം:
മനം നിറച്ച മാനവമൈത്രീ സംഗമം
2017 ലെ അവസാന വെള്ളിയിൽ പശ്ചിമ ചക്രവാളത്തിലേക്ക് സൂര്യൻ മറഞ്ഞത് നാടിന് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചരിത്ര ഈടുവെയ്പിന് സാക്ഷ്യം വഹിച്ച ശേഷമാണ്.
ചരിത്ര സ്ഥലികളിൽ മാനവമൈത്രിയുടെ മഹിതപാരമ്പര്യം കൊത്തിവെച്ച ഇശൽ ചക്രവർത്തി മഹാകവി മോയിൻകുട്ടി വൈദ്യരുടെ മണ്ണ്, മതാന്ധത ബാധിച്ച നവലോകത്തിന് മുന്നിൽ അന്ന് കാഴ്ചവെച്ചത് മത സാഹോദര്യത്തിന്റെ സുഗന്ധ പുഷ്പങ്ങൾ. സഹോദര സമുദായങ്ങളിലെ സഹോദരങ്ങളെ ക്ഷണിച്ചു വരുത്തി വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരവും ഖുത്തുബയും അവരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ച് പുളിക്കൽ മസ്ജിദ് തഖ് വ ഭാരവാഹികൾ സങ്കുചിതസമൂഹത്തിന്റെ കണ്ണുതുറപ്പിച്ചിരിക്കുന്നു. ഭൗതിക വിദ്യാഭ്യാസവും മത വിദ്യാഭ്യാസവും കൂടുതൽ ലഭിക്കും തോറും കൂടുതൽ സങ്കുചിത മനസ്കരായി മാറുന്ന ആനുകാലിക സമൂഹത്തിൽ തീർത്തും വിപ്ലവകരമായ ഒരു കാൽവെപ്പ് തന്നെയാണ് മസ്ജിദ് കമ്മിറ്റി നടത്തിയത്.ആരാധനാലയങ്ങൾ ദൈവത്തിന്റെ സങ്കേതങ്ങളാണ്. ഒരാണിൽ നിന്നും പെണ്ണിൽ നിന്നും ദൈവം സൃഷ്ടിച്ച മാനവലോകത്തിനു മുന്നിൽ കേവലം മത ജാതിഭേദങ്ങളുടെ പേരിൽ ആരാധനാലയങ്ങളുടെ വാതിലുകൾ കൊട്ടിയടച്ചാൽ അടക്കുന്നവർക്ക് മുന്നിൽ സ്രഷ്ട്ടാവായ ദൈവം അവന്റെ വാതിലുകൾ കെട്ടിടയടക്കുമെന്ന സത്യം ഈ മഹദ് പ്രവൃത്തിയിലൂടെ ഇവർ ഒർമ്മിപ്പിക്കുകയായിരുന്നു.
എന്നെപ്പോലെയുള്ള ഒട്ടേറെ മതേതര മനസ്സുകൾക്ക് ജീവിതത്തിലെ ഒരു അസുലഭ മുഹൂർത്തം തന്നെയായിരുന്നു 2017 ന്റെ അവസാന ദിനങ്ങളിലൊന്നിലെ ആ മധ്യാഹ്നം. കേട്ടറിവു മാത്രമുള്ള ജുമുഅ നമസ്കാരവും ഖുത്തുബയും നേരിട്ട് കാണാനും അറിയാനും അവസരം വന്നപ്പോൾ ഇതുവരെ കേട്ടറിഞ്ഞതൊന്നുമല്ല യഥാർത്ഥ "ഇസ്ലാം "എന്ന് കൂടി ബോധ്യപ്പെടുകയായിരുന്നു.നമസ്കാര ശേഷം
ദൈവസങ്കേതമായ മസ്ജിദിനുള്ളിൽ ദൈവസൃഷ്ടികളായ പല ആശയക്കാർ ഒരുമിച്ചുകൂടിയിരുന്ന് സംവദിക്കുന്ന അതി മനോഹരമായ കാഴ്ച...അത് കണ്ടും അനുഭവിച്ചുമറിയുക തന്നെ വേണം.... സ്നേഹത്തിന്റെ സൗഹാർദ്ദത്തിന്റെ .... സന്തോഷത്തിന്റെ..... കൂടിച്ചേരലുകൾ.മനസ്സുള്ള ആരുടെയും മനസ്സുനിറഞ്ഞ് കവിയുന്ന ഈ മുഹൂർത്തം കേരളത്തിനു തന്നെ ഒരു വിശേഷ മുഹൂർത്തമാണ്.
കൂടുതല്‍ വാർത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
പങ്കുവെക്കലിന്റേതാണ് നമ്മുടെ പാരമ്പര്യവും സംസ്കാരവും.ആചാരങ്ങളും ആഘോഷങ്ങളും ചിന്തകളും ജീവിത ശൈലികളും ഭക്ഷണ-വസ്ത്ര രീതികളും സുഖദു:ഖങ്ങളും വരെ പരസ്പരം പങ്കുവെച്ചവരാണ് നമ്മുടെ പൂർവ്വികർ.ആ മഹത്പാരമ്പര്യം വഴിയിലെവിടേയോ നമുക്ക് കൈമോശം വന്നു. പശ്ചാത്യ സംസ്കാരത്തിന്റെ അന്ധമായ അനുകരണങ്ങൾ ബന്ധങ്ങൾ പോലും നമുക്ക് ബന്ധനങ്ങളായി മാറാനിടയാക്കി.
"ഒരോരുത്തരും എല്ലാവർക്കും..എല്ലാവരും ഓരോരുത്തർക്കും " എന്ന സഹകരണത്തിന്റെ ആപ്തവാക്യം പോലും നാം മറന്നു.
"അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല " എന്ന പ്രവാചക വചനവും "അവനവനാത്മസുഖത്തിനാചരിക്കുന്നവ,
അപരന്നു സുഖത്തിനായ് വരേണം" എന്ന ഗുരുദേവ വചനവും ബോധപൂർവ്വം നമ്മൾ വിസ്മരിച്ചു. പകരം മനുഷ്യനന്മക്ക് സൃഷ്ടിക്കപ്പെട്ട മതങ്ങളെ തിന്മയുടെയും വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും വിളനിലമാക്കി മാറ്റി.സ്വന്തം പുരയിടത്തിന് ചുറ്റും കെട്ടിയ മതിലിനേക്കാൾ ഉറപ്പും ഉയരവും കൂടിയ മതിലുകൾ മനസ്സുകൾക്കുള്ളിലും പണിതു. മനസ്സുകൾക്കൊപ്പം മനുഷ്യരും അകന്നുപോയി. മതത്തിന്റെയും ജാതിയുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരു പറഞ്ഞ് പാവങ്ങളെ തല്ലിക്കൊല്ലുന്ന അതിദാരുണമായ ഒരു സാഹചര്യത്തിേലേക്ക് അത് ഭാരതീയ സമൂഹത്തെ എത്തിച്ചു.
"മതം ലളിതമാണ്,ആരതിനെ തീവ്രമാക്കുന്നുവോ അവർ തോല്പിക്കപ്പെടും" എന്ന നബി വചനങ്ങൾ ഈ അവസരത്തിൽ നമ്മുടെയുള്ളിൽ പ്രതീക്ഷയുണർത്തുന്നതാണ്.
മനസ്സിന്റെയും അത് വഴി മനുഷ്യരുടെയും ഉളളിലെ വേലിക്കെട്ടുകൾ പൊളിച്ചെറിയണമെങ്കിൽ പരസ്പരം അടുത്തറിയാനും സ്നേഹ സൗഹാർദ്ദങ്ങൾ പങ്കുവെക്കാനും മത ഭേദങ്ങൾക്കപ്പുറം വേദികളൊരുക്കണം.അത് ദേവ സങ്കേതങ്ങൾ തന്നെയായാൽ ദൈവത്തിന്റെ പ്രീതി കൂടുതലായി ലഭിക്കും. അങ്ങനെയുള്ള കൂടിച്ചേരലുകൾ ഇന്നിന്റെ അനിവാര്യത തന്നെയാണ്.
ഇവിടെയാണ് പുളിക്കൽ മസ്ജിദുത്തഖ് വ കമ്മിറ്റി നടത്തിയ മാനവമൈത്രീ സംഗമം വേറിട്ടു നിൽക്കുന്നത്.
ഞാനടക്കമുള്ള എന്റെ നൂറുകണക്കിന് ഹൈന്ദവരായ നാട്ടുകാർ ആദ്യമായാണ് ജുമുഅ ഖുതുബ പള്ളിയിലിരുന്ന് ശ്രവിക്കുന്നത് . ജമാഅത്തെ ഇസ്‌ലാമിയുടെ ഉപാധ്യക്ഷനും ഗ്രന്ഥകാരനുമായ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ഖുതുബ എനിക്ക് പുതുവെളിച്ചമായിരുന്നു . പ്രാവാചകൻ മുഹമ്മദ് നബിയുടെ വ്യക്തി - കുടുംബ - സാമൂഹ്യ - രാഷ്ട്ര - തലങ്ങളിലെ ജീവിതത്തിൽ സത്യവും ധർമവും നീതിയും പുലർത്തിയപ്പോഴാണ്, അതൊരു ജീവിത വ്യവസ്ഥയായി കാണിച്ചു തന്നപ്പോഴാണ് സമാധാനത്തിന്റെയും ശാന്തിയുടെയും ധർമപാത അറേബ്യയിലൂടെ ലോകത്ത് വ്യാപിച്ചത് . വിശ്വദേവാലയമായ കഅബയുടെ മുകളിൽ കയറി മക്കയിലെ വിജയപ്രഖ്യാപനം നടത്താൻ കറുത്ത ആഫ്രിക്കൻ അടിമ ബിലാലിനെ നബി തെരഞ്ഞെടുക്കുമ്പോൾ അത് ലോകത്ത് സോഷ്യലിസ്ററ് വിപ്ലവത്തിന്റെ മാഗ്‌ന കാർട്ടയായി എന്നതും എനിക്ക് ഖുതുബയിലൂടെ ലഭിച്ച തിരിച്ചറിവായിരുന്നു .
കേട്ടറിവ് മാത്രമായിരുന്ന ജുമുഅ ഖുതുബയും നമസ്കാരവും കണ്ടും അനുഭവിച്ചും അറിഞ്ഞപ്പോൾ ഞങ്ങൾ നാട്ടുകാരുടെ ചിലരുടെയെങ്കിലും മനസ് അന്ധമായ മതവിശ്വാസത്തിന്റെ തെറ്റുധാരണയുടെ ഇരുണ്ട മേഘങ്ങൾ പെയ്തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞുനിന്നു.
പ്രാർഥനയ്ക്ക് ശേഷം പള്ളിക്കുള്ളിൽ ഒന്നിച്ചിരുന്നു.ഫാദർ പൗലോസ് പുതിയേടത്തും ഡോ സ്വാമി ആത്മദാസ് യമിയും ചർച്ചയ്ക്ക് നേതൃത്വം നൽകി.ഒരു മതവിശ്വാസിക്ക് ഒരിക്കലും മറ്റുള്ളവനെ വെറുക്കാൻ കഴിയില്ല.
സ്നേഹിക്കാനേ കഴിയൂ . തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് പറഞ്ഞ യേശുവിന്റെയും
അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറച്ചുണ്ണാൻ പാടില്ലെന്നും തന്റെ കറിയിൽ വെള്ളം ചേർത്തെങ്കിലും അപരന് നൽകണമെന്ന് പറഞ്ഞ മുഹമ്മദിന്റെയും
ലോകത്തുള്ള സകലർക്കും സുഖം ഭവിക്കണമെന്നു പറയുന്ന ശ്ലോകത്തിന്റെയും അനുയായികൾക്കും പരസ്പരം എങ്ങിനെ ശത്രുക്കളാകാൻ കഴിയും എന്ന് ചർച്ചയ്ക്ക് തിരികൊളുത്തിയ ഫാദർ പുതിയേടത്ത് ചോദിച്ചു.
കള്ളിനെതിരെയും ജാതിക്കെതിരെയും നിലകൊണ്ട
ഗുരുദേവന്റെ അനുയായികൾ ഇവരണ്ടിന്റെയും വക്താക്കളാകുന്നതും, പുഞ്ചിരി ധര്മമാണെന്നു പഠിപ്പിക്കപ്പെട്ട റസൂലിന്റെ അനുയായികൾ പരസ്പരം തമ്മിൽ തല്ലുന്നതും, ഗ്രന്ഥവാദമോ നിയതമായ ചട്ടങ്ങളോ ഇല്ലാത്ത ഹൈന്ദവതയെ സംഘടനവത്കരിച്ചതും കാലഘട്ടത്തിന്റെ വലിയ ദുരന്തങ്ങളായി സ്വാമി ഡോ ആത്മദാസ് യമി പറഞ്ഞു. പ്രവാചന്മാരുടെയും വേദങ്ങളുടെയും അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുന്നതിനു പകരം ഓരോരുത്തരും തങ്ങളുടെ സംഘടനയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോൾ സാമൂഹ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നുവെന്ന് സ്വാമിയുടെ നിരീക്ഷണവും ഏറെ ശ്രദ്ധേയമായി.
മാനവമൈത്രിയുടെ പുതിയൊരു സന്ദേശംനൽകാൻ ഇത്തരത്തിൽ മസ്ജിദിൽ ഒന്നിച്ചത് ഭാരതചരിത്രത്തിലെ ആദ്യസംഭവമായിരിക്കുമെന്നത് ഉണർത്തിയ വിഎം കുട്ടിയുടെ മാനവഐക്യത്തിന്റെ ഇശൽവരികൾ കൂടിയായപ്പോൾ സംഗമം അക്ഷരാർത്ഥത്തിൽ ആർദ്രമായി.
സദസ്സിലുണ്ടായിരുന്ന കവി ബാലകൃഷ്ണൻ ഒളവട്ടൂർ , സാംസ്കാരിക പ്രവർത്തകൻ രാജേഷ് മോൻജി, അധ്യാപകൻ അജയൻമാസ്റ്റർ, കുത്തിവര ഫെയിം മൊബൈൽ ഫോൺ ചിത്രകാരൻ അജീഷ് , സാമൂഹ്യ പ്രവർത്തകരായ പുത്തൂക്കര ശിവദാസൻ,എൻ അച്ചു, അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യൻ സന്ദീപ് , ഡോ ഹരീഷ് കുമാർ , കലാകാരനായ അക്കോ പുളിക്കൽ, പഞ്ചായത്ത് മെമ്പർ കുഞ്ഞാത്തൻ തുടങ്ങിയ നിരവധിപേർ അനുഭവങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. ഹൈന്ദവരും ക്രിസ്ത്യാനികളുമായ നൂറിലധികം അതിഥികളെ വിരുന്നൂട്ടി പള്ളിയിൽ നിന്നും പരസ്പരം കെട്ടിപ്പുണർന്ന് യാത്രയാകുമ്പോൾ എന്റെ മുസ്ലിം- ഹൈന്ദവസഹോദരങ്ങളുടെ മുഖത്തെ സാഹോദര്യത്തിന്റെ വെള്ളിവെളിച്ചം നാളത്തെ പുതിയൊരു പ്രഭാതത്തിന്റെ അരുണോദയ കിരണമായി എനിക്ക് തോന്നി .
ദൈവത്തിന്റെ സ്വന്തം നാടെന്ന് നാമഭിമാനിക്കുന്ന കേരളത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കുമിത്. മനുഷ്യബന്ധങ്ങൾക്കും സാഹോദര്യത്തിനും മറ്റെവിടെത്തെക്കാളും വിലകല്പിക്കുന്ന മലപ്പുറത്തിന്റെ മണ്ണിൽ നിന്നും കൊളുത്തപ്പെട്ട ഈ കുഞ്ഞു നെയ്ത്തിരി മതാന്ധതയുടെ കൂരിരുളിനെ സ്നേഹത്തിന്റെ തൂവെളിച്ചം കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഭാരതമൊന്നാകെ പ്രോജ്വലിക്കട്ടെ ...
ഒരു ആരാധനാലയവും കൊട്ടിയടക്കരുത് ..
ആർക്കും കടന്നു വരാവുന്ന തരത്തിൽ മലർക്കെ തുറന്നിടണം...
അതിനുള്ളിലേക്ക് സ്നേഹ സൗഹാർദ്ദങ്ങളുടെ കുളിർതെന്നൽ ഒഴുകി വരട്ടെ ...
അപ്പോഴേ അവിടങ്ങളിൽ ദൈവസാന്നിധ്യമുണ്ടാകൂ ..
" മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ
മനസ്സിൽ ദൈവം ജനിക്കുന്നു..
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ
മനസ്സിൽ ദൈവം മരിക്കുന്നു" എന്ന വയലാറിന്റെ വരികളിൽ പറയുന്നതും സ്നേഹം തന്നെയാണ് ഈശ്വരൻ എന്നാണ്.