തിരുവനന്തപുരം - എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 2020 ഒക്ടോബർ 24-ാം തീയതിയിലെ വിവാദ മരം മുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദ ഉത്തരവിന് പുറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
വ്യാപകമായ വനം കൊള്ളയെകുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്തണം. രണ്ട് വകുപ്പുകളും, രണ്ട് വകുപ്പു മന്ത്രിമാരും യോഗം ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ എന്നും നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സി.പി.എം, സി.പി.ഐ പാർട്ടി നേതൃത്വം അറിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മറ്റെന്നാൾ പ്രതിപക്ഷ നേതാവിന്റെയും, ഉപനേതാവിന്റെയും നേതൃത്വത്തിലുള്ള യു.ഡി.എഫ്. പ്രതിനിധി സംഘം വയനാട് സന്ദർശിക്കും. ടി.എൻ. പ്രതാപൻ എം.പി.യുടെ നേതൃത്വത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിലും ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യു.ഡി.എഫ് സംഘം സന്ദർശനം നടത്തും.