ജിസാൻ - കോവിഡ് പ്രതിസന്ധിയിലാക്കിയ നിർധനരായ ജിസാൻ പ്രവാസി കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ധനസഹായം നൽകാൻ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു. അബൂഅരീഷ് സനാറ റസ്റ്റോറന്റ് ഹാളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന യോഗം ചെയർമാൻ ഗഫൂർ വാവൂർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജിസാൻ പ്രവാസികൾക്കായി നടത്തിയ ഓൺലൈൻ പ്രവചന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കിയ അബ്ദുല്ല ഫാസിൽ അത്താണിക്കൽ, മുഹമ്മദ് ഫൈസൽ വേങ്ങര, നൗഫൽ റിയാസ് ഒതുക്കുങ്ങൽ എന്നിവരെ യോഗം അഭിനന്ദിച്ചു.
അബ്ദുൽ അസീസ് കണ്ണൂർ, ജമാൽ കമ്പിൽ, മുജീബ് കൂടത്തായ് മുസാഫർ മുക്കം, വി.എം മുഹമ്മദ് ഫുജി മഞ്ചേരി, മുസ്തഫ കെ.ടി, ശിഹാബ്, ശംസുദ്ദീൻ കോഴിച്ചന, നൗഷാദ് ചെറുവാടി, ശറഫുദ്ദീൻ പി.പി എന്നിവർ നറുക്കെടുപ്പിലൂടെ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം ഷിഫ പോളിക്ലിനിക് നൽകുന്ന ഫ്രിഡ്ജും ടിക്കറ്റ് ട്രാവൽസ് നൽകുന്ന വാഷിംഗ് മെഷീനും, കമ്മിറ്റി നൽകുന്ന സൈക്കിളും നാട്ടിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടാതെ സമ്മാനാർഹർക്ക് ആറ് മാസം ചന്ദ്രിക ദിനപത്രവും നാട്ടിൽ ലഭ്യമാക്കും.
കെ.എം.സി.സി മെമ്പർഷിപ്പ് കാമ്പയിൻ വിജയിപ്പിക്കുന്നതിനായി ഡോ. മൻസൂർ നാലകത്ത് കൺവീനറായി സബ് കമ്മിറ്റി രൂപീകരിച്ചു. ലക്ഷദ്വീപിൽ അശാസ്ത്രീയ നിയമങ്ങൾ അടിച്ചേൽപിച്ച് സമാധാന ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ ചെറുത്തുനിൽക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡോ. മൻസൂർ നാലകത്ത്, വി.ടി നാസർ ഇരുമ്പുഴി, മുസ്തഫ ദാരിമി മേലാറ്റൂർ, ഗഫൂർ മൂന്നിയൂർ സംസാരിച്ചു. ഇസ്മായിൽ ബാപ്പു വലിയോറ സ്വാഗതവും ഖാലിദ് പട്‌ല നന്ദിയും പറഞ്ഞു.