മക്ക - കടുത്ത ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിന് വിശുദ്ധ ഹറമിലെ ജീവനക്കാർക്ക് ഹറംകാര്യ വകുപ്പ് വലിയ തണൽ കുടകൾ ലഭ്യമാക്കി.
ജീവനക്കാരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ഒരുക്കാനും ആരോഗ്യ അപകടങ്ങൾക്ക് ഇടയാക്കിയേക്കുന്ന കാര്യങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താനും ശ്രമിച്ചാണ് ഹറംകാര്യ വകുപ്പ് തണൽ കുടകൾ ലഭ്യമാക്കിയത്.
ഹറംകാര്യ വകുപ്പിനു കീഴിലെ സംസം വിതരണ വിഭാഗത്തിലെ ജീവനക്കാർക്കാണ് വെയിലിൽ നിന്ന് സംരക്ഷണം നൽകുന്ന വലിയ കുടകൾ ലഭ്യമാക്കിയിരിക്കുന്നതെന്ന് ഹറംകാര്യ വകുപ്പിലെ സംസം വിതരണ വിഭാഗം മേധാവി അഹ്മദ് അൽനദ്‌വി പറഞ്ഞു.
ഇരുപതു തണൽ കുടകളാണ് സംസം വിതരണ ജീവനക്കാർക്കിടയിൽ വിതരണം ചെയ്തിരിക്കുന്നത്. അൾട്രാ വയലറ്റ് രശ്മികൾക്കെതിരെ മികച്ച സംരക്ഷണം നൽകുന്ന ഫാബ്രിക് ഉപയോഗിച്ച് ആകർഷണീയമായ നിലക്കാണ് കുടകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും അഹ്മദ് അൽനദ്‌വി പറഞ്ഞു. സൗദിയിൽ ഇന്നലെ മുതൽ മധ്യാഹ്ന വിശ്രമ നിയമം നിലവിൽ വന്നിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് വെയിലേൽക്കുന്ന നിലക്ക് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് വിലക്കുണ്ട്. മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വന്നതോടനുബന്ധിച്ചാണ് ഹറംകാര്യ വകുപ്പ് ജീവനക്കാർക്ക് തണൽ കുടകൾ ലഭ്യമാക്കിയത്.