കൊച്ചി- സിറോ മലബാർ സഭയുടെ ഭൂമിയിടപാട് നടത്തിയത് സഭാനിയമങ്ങൾ മുഴുവന്‍ ലംഘിച്ച കൊണ്ടാണെന്ന് ഇതേക്കുറിച്ച് സഭാസമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആർച്ച് ബിഷപ്പ് ഹൗസിൽ ചേരുന്ന യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിഞ്ഞുകൊണ്ടാണ് വിവാദ ഭൂമി ഇടപാടുകൾ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭൂമിയിടപാടിലെ ഇടനിലക്കാരനായ സാജു വർഗീസ് കുന്നേലിനെ ഫാദർ ജോഷിയ്ക്ക് പരിചയപ്പെടുത്തിയത് ആലഞ്ചേരിയാണെന്നും റിപ്പോർട്ടിലുണ്ട്. പല ഇടപാടുകളും സഭസമിതി അറിയാതെയാണ് നടന്നത്. ഭൂമി ഇടപാടിൽ അതിരൂപതയ്ക്ക് 34 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട വൈദികർക്ക് ഭൂമി ഇടപാടിൽ പിഴവ് പറ്റിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
എറണാകുളം നഗരത്തിൽ കണ്ണായ സ്ഥലങ്ങളിലുള്ള കോടികൾ വില മതിക്കുന്ന ഭൂമി നിസ്സാര വിലയ്ക്ക് വിറ്റതാണ് വിവാദമായത്. കാക്കനാട്ട് സീപോർട്ട് -എയർ പോർട്ട് റോഡരികിൽ 69 സെന്റ്, തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം 60 സെന്റ്, തൃക്കാക്കര കൊല്ലംകുടി മുകളിൽ ഒരു ഏക്കർ, മരടിൽ 54 സെന്റ് എന്നിങ്ങനെയാണ് സഭ കച്ചവടം ചെയ്തത്.
27 കോടി മതിപ്പുവിലയുള്ള സ്ഥലങ്ങൾ ഒമ്പത് കോടിക്കാണ് വിറ്റത്. സെന്റിന് ഒമ്പതര ലക്ഷത്തിന് വിൽക്കാനാണ് അതിരൂപതയുടെ ഫിനാൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഒമ്പത് കോടിയേ ലഭിച്ചുള്ളൂവെന്ന് ഒരു വിഭാഗം വൈദികർ പറയുന്നു. ബാക്കി തുകയ്ക്ക് കോതമംഗലത്ത് 25 ഏക്കറും മൂന്നാറിന് സമീപം 17 ഏക്കറും ഈടായി വാങ്ങിയെന്നാണ് വിശദീകരണം. കാക്കനാട്ടെ സ്ഥാപനമാണ് സ്ഥലങ്ങൾ വാങ്ങിയത്. 36 പേർക്കാണ് ഭൂമി കൈമാറിയത്. 2016 സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനുമായി പത്ത് പേർക്കും 2017 ജനുവരി മുതൽ ഓഗസ്‌റ്റ് 16വരെ മറ്റ് 25 പേർക്ക് കൂടി ഭൂമി പതിച്ചു നൽകുകയായിരുന്നു. ഭൂമി കൈമാറ്റ രേഖയിലെല്ലാം ഒപ്പിട്ടിരിക്കുന്നത് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്.